| Tuesday, 14th June 2022, 12:00 pm

ഇ.പി. ജയരാജനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുന്ന കാര്യം ആലോചിക്കും; അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ. മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനകത്തിട്ട് ചവിട്ടിയ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് കെ. മുരളീധരന്‍ എം.പി.

കേരള പൊലീസ് കേസ് എടുക്കുമെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ കേന്ദ്ര ആദ്യന്തര മന്ത്രാലയം- സിവില്‍ ഏവിയേഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

അവിടെ ജയരാജന് എന്താകാര്യം, ആള്‍ക്കാരെ ചവിട്ടാന്‍. ആ ചെറുപ്പക്കാരെ ഞങ്ങള്‍ സംരക്ഷിക്കും. അത് ഞങ്ങളുടെ ചുമതലയാണ്. കേരളത്തിന്റെ തെരുവുകള്‍ ചോരക്കളമാക്കാനാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെങ്കില്‍ ഞങ്ങള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നവരാണ്. ശാന്തിയും സമാധാനവും ഉണ്ടാക്കുന്നതിനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം വാക്കുകളില്‍ മാത്രമാണ് പ്രകടിപ്പിച്ചത്. അതിന് അവരെ നയിച്ച ചില ചേതോവികാരങ്ങള്‍ ഇന്നലെയുണ്ടായി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ആ കസ്റ്റഡിയില്‍ വെച്ച് തന്നെ അവരെ സി.പി.ഐ.എം ഗുണ്ടകള്‍ ആക്രമിക്കുകയും മര്‍ദ്ദിക്കുകയുമുണ്ടായി. ആ കാഴ്ച ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. ആ വികാരമായിരിക്കാം ഒരുപക്ഷേ ഉയര്‍ന്ന ടിക്കറ്റ് എടുത്ത് വിമാനത്തില്‍ മാന്യമായ പ്രതിഷേധം രേഖപ്പെടുത്താന്‍ അവരെ പ്രേരിപ്പിച്ചത്. പക്ഷേ, അവരെ ചവിട്ടുന്ന കാഴ്ചകള്‍ കണ്ടു,’ കെ. മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം പയ്യന്നൂരില്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിയ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

സി.പി.ഐ.എമ്മുക്കാര്‍ ആര്‍.എസ്.എസിന് തുല്യമാണ്. ഭരിക്കുന്ന സര്‍ക്കാരാണ് നാട്ടില്‍ സമാധാനമുണ്ടാക്കേണ്ടതെന്നും അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി ഗാന്ധിസം പറഞ്ഞിരുന്നിട്ട് കാര്യമില്ലെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: Consider filing a complaint against  to  the Union Home Ministry E.P. Jayarajan ;K.Muraleedharan

We use cookies to give you the best possible experience. Learn more