മുസ്‌ലിം വിദ്യാര്‍ത്ഥിനിക്ക് നേരെ യഹൂദ വിരുദ്ധത ആരോപിച്ചതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് കണ്‍സര്‍വേറ്റീവ് നേതാവ്
World News
മുസ്‌ലിം വിദ്യാര്‍ത്ഥിനിക്ക് നേരെ യഹൂദ വിരുദ്ധത ആരോപിച്ചതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് കണ്‍സര്‍വേറ്റീവ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th March 2024, 10:27 am

ബി.ബി.സിയുടെ ക്വിസ് ഷോയില്‍ പങ്കെടുത്ത മുസ്‌ലിം യുവതിക്ക് നേരെ യഹൂദ വിരുദ്ധത ആരോപിച്ചതിന് പിന്നാലെ പരസ്യമായി മാപ്പ് പറഞ്ഞ് കണ്‍സര്‍വേറ്റീവ് നേതാവ്.

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ രണ്ടാം വര്‍ഷ പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയായ മെലിക ഗോര്‍ജിയാനെക്കെതിരെയായിരുന്നു കണ്‍സര്‍വേറ്റീവ് നേതാവായ ജാക്വലിന്‍ ഫോസ്റ്റര്‍ യഹൂദ വിരുദ്ധത ആരോപിച്ചത്.

ക്രൈസ്റ്റ് ചര്‍ച്ചിലെ ഡോക്ടറല്‍ ആസ്ട്രോഫിസിക്സ് വിദ്യാര്‍ത്ഥിനിയാണ് മെലിക ഗോര്‍ജിയാനെ. 2023 നവംബറില്‍ നടന്ന യൂണിവേഴ്സിറ്റി ചലഞ്ചില്‍ നീല നിറത്തിലുള്ള നീരാളിയുടെ കളിപ്പാട്ടമായിരുന്നു ഗോര്‍ജിയാനെയുടെ ടീം തങ്ങളുടെ ചിഹ്നമായി ഉപയോഗിച്ചിരുന്നത്.

അതിന് പിന്നാലെയാണ് ഗോര്‍ജിയാനെ ഷോയില്‍ ആന്റിസെമിറ്റിക് ചിഹ്നം പ്രദര്‍ശിപ്പിച്ചതായി ജാക്വലിന്‍ ഫോസ്റ്റര്‍ തന്റെ എക്‌സില്‍ കുറിച്ചത്. അതോടെ ഗോര്‍ജിയാനെ വലിയ രീതിയിലുള്ള വധഭീഷണിയും അധിക്ഷേപവും നേരിടുകയായിരുന്നു.

ഷോയില്‍ ഗോര്‍ജിയാനെ ഫലസ്തീന്‍ പതാകയുടെ നിറങ്ങളുള്ള കോട്ട് ധരിച്ചിരുന്നതായും ജാക്വലിന്‍ ഫോസ്റ്റര്‍ തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ നീലയും ഓറഞ്ചും പിങ്കും പച്ചയും നിറങ്ങളിലുള്ള കോട്ടായിരുന്നു അന്ന് ഗോര്‍ജിയാനെ ധരിച്ചിരുന്നത്.

പിന്നാലെ കോട്ടിനെ സംബന്ധിച്ചുള്ള ഫോസ്റ്ററിന്റെ ആരോപണം തെറ്റാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും ഫോസ്റ്ററിന്റെ എക്‌സ് പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള വലതുപക്ഷ ട്രോളുകള്‍ ഗോര്‍ജിയാനെക്കെതിരെ ഉണ്ടായി.


പിന്നീട് ഫോസ്റ്റര്‍ തന്റെ എക്‌സിലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം എക്സിലെ പുതിയ പോസ്റ്റിലൂടെ ഫോസ്റ്റര്‍ പരസ്യമായി ഗോര്‍ജിയാനെയോട് മാപ്പ് പറഞ്ഞു. ഒപ്പം വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ പോസ്റ്റില്‍ കുറിച്ചു.

Content Highlight: Conservative Leader Apologises Muslim Student After Wrongly Claiming Anti Semitism