| Tuesday, 5th September 2023, 8:16 pm

കറന്‍സിയിലേയും ആധാര്‍ അടക്കമുള്ള രേഖകളിലേയും 'ഇന്ത്യ'; രാജ്യം കാത്തിരിക്കുന്നത് നോട്ട് നിരോധനത്തേക്കാള്‍ വലിയ ദുരന്തം?

സഫ്‌വാന്‍ കാളികാവ്

ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കിയാല്‍ ഉണ്ടായേക്കാന്‍ പോകുന്നത് 2016ലെ നോട്ടുനിരോധനത്തേക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍. പേരുമാറ്റം നിലവില്‍വന്നാല്‍ അടിസ്ഥാനപരമായി വേണ്ട ആധാര്‍ അടക്കമള്ള എല്ലാ രേഖകളും രാജ്യത്തിന്റെ മുഴുവന്‍ കറന്‍സികളും നാണയങ്ങളും അസാധുവായേക്കും.

നിലവില്‍ രാജ്യത്തിന്റെ കറന്‍സികളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്നും ആധാറില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, പാസ്‌പോര്‍ട്ടില്‍ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നാണ് എഴുതിയിട്ടുള്ളത്. പേരുമാറ്റത്തോടെ ഇതെല്ലാം മാറ്റേണ്ടിവരും.

നോട്ട് നിരോധന കാലത്ത് ഇന്ത്യയിലാകെയുണ്ടായ വലിയ ക്യൂവും അതുകാരണമുണ്ടായ അനിഷ്ട സംഭവങ്ങളുമൊക്കെ രാജ്യത്തിന് മുന്നിലുണ്ട്. അങ്ങനെയിരിക്കെ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള ഇപ്പോഴത്തെ നീക്കം നോട്ടുനിരോധന കാലത്തേക്കാള്‍ 10 ഇരട്ടി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

നോട്ടുനിരോധന കാലത്ത് 500ന്റെയും 2000ന്റെയും നോട്ടുകളാണ് മാറ്റിയെടുക്കേണ്ടി വന്നതെങ്കില്‍ പേരുമാറ്റം മുഴുവന്‍ കറന്‍സികളും നാണയങ്ങളും മാറ്റേണ്ടതായുള്ള അവസ്ഥവരും. ഇത് എത്രത്തോളം പ്രയോഗികമാണെന്ന ചോദ്യമാണ് ഉയരുന്നത്.

ഇതുകൂടാതെ ആധാര്‍, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളിലെ മാറ്റം 140 കോടി ജനങ്ങളുള്ള രാജ്യത്ത് വലിയ പ്രയാസമുണ്ടാക്കും. ഇതിന്റെ ചെലവിലേക്ക് ആവശ്യമായ ഭീമമായ നികുതിപ്പണവും ഇതുമൂലം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉണ്ടായേക്കുന്ന അഴിമതിയും പേരുമാറ്റത്തിന്റെ മറ്റൊരു വെല്ലുവിളിയാണ്.

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.
ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമായെന്നും ഇന്ത്യയുടെ പേര് മാറ്റാന്‍ കേന്ദ്രം പുതിയ പ്രമേയം കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സെപ്റ്റംബര്‍ 9,10 തിയ്യതിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് ഡെലിഗേറ്റുകള്‍ക്ക് രാഷ്ട്രപതി ഭവനില്‍ നിന്ന് അയച്ച ക്ഷണക്കത്തില്‍ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്നാണ് എഴുതിയത്.


Content Highlight: Consequences
central government is planning to change India’s name to Bharat come true

സഫ്‌വാന്‍ കാളികാവ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more