| Thursday, 11th November 2021, 3:40 pm

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം വേണ്ട: ജമ്മു കശ്മീര്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് വിവാഹം കഴിക്കാന്‍ കുടുംബത്തിന്റേയോ സമൂഹത്തിന്റേയോ സമ്മതം ആവശ്യമില്ലെന്ന് ജമ്മു കശ്മീര്‍, ലഡാക്ക് ഹൈക്കോടതി. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ച ദമ്പതികള്‍ നല്‍കിയ കേസിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ പരസ്പരം ജീവിത പങ്കാളികളായി തെരഞ്ഞെടുക്കുമ്പോള്‍, അത് അവരുടെ അവകാശമാണെന്നും അത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19,21 പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് താഷി റബ്സ്താന്‍ പറഞ്ഞു.

‘ഇത്തരത്തിലുള്ള അവകാശങ്ങള്‍ക്ക് ഭരണഘടനാനുമതിയുണ്ട്, ഒരിക്കല്‍ അത് അംഗീകരിക്കപ്പെട്ടാല്‍ ആ അവകാശം സംരക്ഷിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ ആരുടേയും സമ്മതം ആവശ്യമില്ല. അവരുടെ അവകാശത്തിന് പ്രാധാന്യം നല്‍കണം’.

ഒരു വ്യക്തിയുടെ മാന്യമായ അസ്തിത്വത്തിന് സ്വാതന്ത്ര്യവുമായി ബന്ധമുള്ളതിനാല്‍ കോടതികള്‍ക്ക് വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശമാണെന്നും ജഡ്ജി പറഞ്ഞു.

കോടതി പറഞ്ഞ കാര്യങ്ങള്‍ കണക്കിലെടുത്ത് ഹരജിക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ സംസ്ഥാന പൊലീസ്, അധികാരികളോട് കോടതി നിര്‍ദ്ദേശിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Consent of family, community, clan not needed for adults to marry person of their choice: Jammu and Kashmir High Court

Latest Stories

We use cookies to give you the best possible experience. Learn more