മാലിന്യപ്ലാന്റ് അടച്ച് പൂട്ടും; ഹര്‍ത്താല്‍ അവസാനിപ്പിച്ചു, നിരാഹാരം തുടരും
Kerala
മാലിന്യപ്ലാന്റ് അടച്ച് പൂട്ടും; ഹര്‍ത്താല്‍ അവസാനിപ്പിച്ചു, നിരാഹാരം തുടരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th October 2012, 12:59 am

തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് സമരസമിതിയും സംസ്ഥാനസര്‍ക്കാറും തമ്മില്‍ ധാരണയിലെത്തിയതായി സമരസമിതി. വിളപ്പില്‍ശാലയിലെ മലിനജല ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി സമരസമിതി അറിയിച്ചു.

ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി മഞ്ഞളാംകുഴി അലിയുമായും സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്.[]

കേസ് നേരത്തെയാക്കാന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കുമെന്നും അറിയിച്ചു. എന്നാല്‍ ഫാക്ടറി അടച്ചുപൂട്ടുമെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നത് വരെ നിരാഹാരം തുടരുമെന്ന് സമരക്കാര്‍ അറിയിച്ചു. വിളപ്പില്‍ശാല സമരസമിതി നേതാവ് ശോഭനാകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കി.

സമരസമിതിയുടെയും ജനങ്ങളുടെയും കടുത്ത പ്രതിഷേധത്തിനിടെയാണ്  ശോഭനാകുമാരിയെ അറസ്റ്റ് ചെയ്ത് നീക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കാണ് ശോഭനാകുമാരിയെ മാറ്റിയത്.  നിരാഹാര സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ആരോഗ്യനില കൂടുതല്‍ വഷളായികൊണ്ടിരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ശോഭനാകുമാരി. കഴിഞ്ഞ ശനിയാഴ്ച മുതലാണ് വിളപ്പില്‍ശാലയിലെ മാലിന്യസംസ്‌ക്കരണ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശോഭനാകുമാരി നിരാഹാര സമരം തുടങ്ങിയത്. സമരം അവസാനിപ്പിക്കാന്‍ ഒത്ത് തീര്‍പ്പ് വ്യവസ്ഥകളുമായി കവയത്രി സുഗതകുമാരി തിങ്കളാഴ്ച സമരവേദി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. ശോഭനാ കുമാരിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതിനെത്തുടര്‍ന്ന് മറ്റ് നാല് പേര്‍ നിരാഹാരസമരം തുടരുകയാണ്.

സംസ്‌ക്കരണ പ്ലാന്റിനായുള്ള യന്ത്രസാമഗ്രികള്‍ അതീവരഹസ്യമായി ശനിയാഴ്ച്ച  പുലര്‍ച്ചെ രണ്ടരയോടെ എത്തിച്ചതാണ് വിളപ്പില്‍ശാലയില്‍ വീണ്ടും സംഘര്‍ഷാവസ്ഥക്ക് കാരണമായത്. കനത്തപൊലീസ് അകമ്പടിയോടെ മാലിന്യ പ്ലാന്റിന്റെ പൂട്ടുതകര്‍ത്താണ് പ്ലാന്റ് വിളപ്പില്‍ ശാലയില്‍ എത്തിച്ചത്.

ഒന്‍പത് മാസം മുമ്പ് നഗരസഭ ഇത്തരമൊരു നീക്കം നടത്തിയിരുന്നെങ്കിലും നാട്ടുകാര്‍ സംഘടിതമായി തടസ്സപ്പെടുത്തിയിരുന്നു. തലസ്ഥാനത്തെ മാലിന്യനീക്കം പ്രതിസന്ധിയിലായതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.