| Tuesday, 16th July 2019, 4:04 pm

'ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയുമെന്ന് കരുതേണ്ട; ട്രംപിന്റെ വംശീയ അധിക്ഷേപത്തിനെതിരെ യു.എസ് കോണ്‍ഗ്രസിലെ യുവതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍ ഡിസി: തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് യു.എസ് കോണ്‍ഗ്രസില വനിതാ അംഗങ്ങള്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വംശീയ അധിക്ഷേപത്തോട് പ്രതികരിച്ചുകൊണ്ട്  സംസാരിക്കുകയായിരുന്നു അവര്‍. ഡെമോക്രാറ്റിക് കോണ്‍ഗ്രസിലെ നാല് വനിതാ അംഗങ്ങളെയാണ് ട്രംപ് വംശീയമായി അധിക്ഷേപിച്ചത്.

യു.എസ് പ്രതിനിധികളായ അലക്‌സാണ്ട്രിയ ഒകാസിയോ കോര്‍ടെസ്, ഇല്‍ഹാന്‍ ഉമര്‍, അയന പ്രസ്‌ലി, റാഷിദ ത്‌ലെബ് എന്നിവര്‍ക്കെതിരെയായിരുന്നു അധിക്ഷേപം. ഈ ഭരണകൂടത്തിന്റെ അഴിമതി നിറഞ്ഞ, ഹിംസാത്മകമായ സംസ്‌കാരത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമമാണിതെന്നാണ് പ്രസ്‌ലി പറഞ്ഞത്.

നിങ്ങള്‍ക്ക് ഈ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാമെന്നായിരുന്നു ട്രംപ് പറഞ്ഞത്. ‘ രാജ്യത്തിന്റെ പാരമ്പര്യവുമായി ഈ സ്ത്രീകള്‍ക്ക് ബന്ധമില്ല. തികച്ചും മറ്റൊരു സാഹചര്യത്തില്‍ നിന്ന് വന്നവരാണ് ഇവര്‍. എന്റെ അഭിപ്രായത്തില്‍ ഇവര്‍ ഈ രാജ്യത്തെ വെറുക്കുന്നവരാണ്. ഇവര്‍ രാജ്യത്തെ നശിപ്പിക്കാന്‍ എത്തിയവരാണ്. നിങ്ങള്‍ ഈ നാടിനെ വെറുക്കുന്നവരാണെങ്കില്‍ , ആ രാജ്യത്ത് സന്തോഷമില്ലെങ്കില്‍ ഇവിടം വിട്ടുപോകാം.’ എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. വൈറ്റ് ഹൗസിനു പുറത്തുനടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രംപ് വംശീയാധിക്ഷേപം നടത്തിയത്.

ഇരുവിഭാഗങ്ങളിലെ രാഷ്ട്രീയ നേതാക്കളും ലോക നേതാക്കളും ട്രംപിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ട്രംപിന്റെ വംശീയ ട്വീറ്റുകളെ അപലപിച്ചുകൊണ്ട് ജനപ്രതിനിധി സഭ ഉടന്‍ പ്രമേയം പാസാക്കുമെന്ന് സഭയിലെ സ്പീക്കര്‍ നാന്‍സി പെലോസി പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more