ന്യദൂല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെ പ്രതിയാക്കി ദല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.
കുറ്റപത്രവും രേഖകളും വിശദമായി പരിശോധിച്ചെന്ന് കോടതി പറഞ്ഞു. 3000 പേജുള്ള കുറ്റപത്രമാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.
ജൂലൈ 7 ന് തരൂര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു. എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ വിചാരണ ചെയ്യുന്ന അതിവേഗ കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്.
ആത്മഹത്യാ പ്രേരണകുറ്റം, ഗാര്‍ഹിക പീഡന കുറ്റം എന്നീ വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കാന്‍ വ്യാപക ശ്രമം നടന്നെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.
സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും “ആത്മഹത്യാക്കുറിപ്പായി” കണക്കാക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇമെയില്‍ അയച്ചിരുന്നതായി പൊലീസ് പറയുന്നു.
“ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്”ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലില്‍ പറയുന്നു. ഒന്‍പതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.
പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന ആത്മഹത്യ പ്രേരണ കുറ്റവും മൂന്ന് വര്‍ഷംവരെ ശിക്ഷക്ക് വ്യവസ്ഥയുള്ള ഗാര്‍ഹിക പീഡന കുറ്റവുമാണ് കുറ്റപത്രത്തില്‍ തരൂരിന് എതിരെയുള്ളത്.