| Sunday, 21st November 2021, 12:51 pm

സോണിയയുടെയും, രാഹുലിന്റെയും, പ്രിയങ്കയുടെയും കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്, ഞങ്ങള്‍ ഒറ്റക്കെട്ടാണ്: സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജസ്ഥാന്‍ മന്ത്രിസഭാ പുനസംഘടനയില്‍ സന്തോഷം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇന്നാണ് രാജ്ഭവനില്‍ 15 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. പൈലറ്റ് അനുകൂലികളായ 5 മന്ത്രിമാര്‍ മന്ത്രിസഭയിലുണ്ടാവും. ഇന്ന് മാധ്യമങ്ങളെ കണ്ട് സച്ചിന്‍ പൈലറ്റ് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അവകാശപ്പെട്ടത്.

‘മന്ത്രിസഭാ പുനസംഘടനയില്‍ ഹൈക്കമാന്‍ഡ് പ്രത്യേക താല്‍പര്യമെടുത്തതില്‍ സന്തോഷമുണ്ട്. 2023 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. മന്ത്രിസഭാ പുനസംഘടനക്കുള്ള ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ സംസ്ഥാനത്താകെ ഒരു പുതിയ സന്ദേശമാണ് കൊടുത്തിരിക്കുന്നത്,’ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

പൈലറ്റ് അനുകൂലികള്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചതിനെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടി ഒറ്റക്കെട്ടാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ‘സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പ്, ആ ഗ്രൂപ്പ് എന്ന് നിങ്ങള്‍ ചോദിച്ചിട്ട് കാര്യമില്ല. പാര്‍ട്ടിയില്‍ വിഭാഗങ്ങളില്ല. ഞങ്ങള്‍ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്’ പൈലറ്റ് പറഞ്ഞു.

‘മാറ്റം അനിവാര്യമാണ്, ഇനിയും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 22 മാസത്തിനപ്പുറം തെരഞ്ഞെടുപ്പ് വരുകയാണ്. പുതിയ അംഗങ്ങളെ പാര്‍ട്ടിയിലേക്ക് ചേര്‍ക്കേണ്ടതുണ്ട്. ബി.ജെ.പിയുടെ നയങ്ങളെ ജനങ്ങള്‍ എതിര്‍ത്തു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് നാം കണ്ടു. ബി.ജെ.പി നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദ്ദമാണിത്’ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

‘നാല് ദളിത് മന്ത്രിമാരാണ് വരാന്‍ പോകുന്നത്. നമ്മുടെ സര്‍ക്കാരില്‍ ദീര്‍ഘകാലങ്ങലായി ദളിത് പ്രാധിനിധ്യം ഇല്ലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ചരണ്‍ ജിത്ത് സിങ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കി. പുനസംഘടന വരുത്തിയ സര്‍ക്കാരിലെ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണ്’ അദ്ദേഹം പറഞ്ഞു. വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 40% സ്ത്രീകള്‍ മത്സരിക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനത്തെ പൈലറ്റ് പ്രശംസിക്കുകയും ചെയ്തു.

അതേസമയം, പുതിയ മന്ത്രി സഭയില്‍ പൈലറ്റിന്റെ പദവി എന്താണെന്ന് കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ചുമതല പൈലറ്റ് വഹിക്കണമെന്നാണ് ഹൈക്കമാന്‍ഡ് താല്‍പര്യപ്പെടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: congresss-sachin-pilot-on-rajasthan-cabinet-revamp-glad-that-concerns-have-been-addressed

We use cookies to give you the best possible experience. Learn more