രാജസ്ഥാനില്‍ എട്ട് സ്വതന്ത്രരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്
national news
രാജസ്ഥാനില്‍ എട്ട് സ്വതന്ത്രരുമായി സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th December 2018, 1:00 pm

ഭോപ്പാല്‍: രാജസ്ഥാനില്‍ എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. ആദ്യഘട്ട ഫലം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു സച്ചിന്‍ പൈലറ്റ് സ്വതന്ത്രരുമായി കൂടിക്കാഴ്ച നടത്തിയത്.

രാജസ്ഥാനില്‍ 93 സീറ്റുകളിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നേറുന്നത്. 80 സീറ്റുമായി ബി.ജെ.പി പിന്നിലുണ്ട്. 24 സീറ്റുകളില്‍ മറ്റുള്ളവരാണ് മുന്നേറുന്നത്. ഇതില്‍ രണ്ട് സീറ്റുകളില്‍ സി.പി.ഐ.എം ആണ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളില്‍ ബി.എസ്.പിയും ആര്‍.എല്‍.പി നാല് സീറ്റുകളിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി 1 സീറ്റിലും മുന്നേറുമ്പോള്‍ പതിനഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ലീഡ് ചെയ്യുന്നത്.

ഇതില്‍ എട്ട് സ്വതന്ത്രരുമായാണ് സച്ചിന്‍ പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് സൂചന. സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിക്കാന്‍ കഴിയാതെ പോയ ചരിത്രമാണ് കോണ്‍ഗ്രസിന് ഉളളത്. അതുകൊണ്ട് തന്നെ ഇനിയും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ തിരക്കിട്ട ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്.


കൈവിടില്ല! മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി


ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും, ഭരണം പിടിക്കാന്‍ കഴിയെതെ പോയത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.അത് ആവര്‍ത്തിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക.

രാജസ്ഥാനില്‍ ഫലം ആദ്യഫലങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഉറപ്പായതോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടരി കെ.സി വേണുഗോപാലിനെ അവിടേക്ക് അയച്ച് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.