ജയ്പൂര്‍: രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്നും സച്ചിന്‍ പൈലറ്റിനെയും എം.എല്‍.എമാരെയും ആയോഗ്യരാക്കിയ നടപടിയില്‍ ഹൈക്കോടതി വിധി പറയാനിരിക്കെ പുതിയ നീക്കങ്ങള്‍ക്ക് തിരി കൊളുത്തി കോണ്‍ഗ്രസ്. അയോഗ്യരാക്കിയ നടപടിക്കെതിരെയാണ് കോടതി വിധിയെങ്കില്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ചാണ് കോണ്‍ഗ്രസ് തീരുമാനത്തിലെത്തിയിരിക്കുന്നത്.
പൈലറ്റ് ക്യാമ്പിന് അനുകൂലമായാണ് വിധിയെങ്കില്‍ ഉടന്‍ തന്നെ നിയമസഭ വിളിച്ചുചേര്‍ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ നിയമ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
നിയമസഭയില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഭൂരിപക്ഷം തെളിയിക്കാനാവും. ചീഫ് വിപ്പ് മഹേഷ് ജോഷി എല്ലാ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാന്‍ വിപ്പ് നല്‍കും. പൈലറ്റും സംഘവും വിപ്പ് നിഷേധിക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ ഉടനെ, വിപ്പിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് സെക്ഷന്‍ 2(1) (ബി) പ്രകാരം അവരെ അയോഗ്യരാക്കും. എന്നിരുന്നാലും ഇതും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ഭരണഘടനയിലെ പത്താം ഷെഡ്യൂളിലെ സെക്ഷന്‍ 2 (1)(എ) പ്രകാരമാണ് നിലവില്‍ പൈലറ്റിനും സംഘത്തിനുമെതിരെ അയോഗ്യതാ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കൂറുമാറല്‍ വിരുദ്ധ നിയമമായും പ്രയോഗിക്കാറുണ്ട്.
ആരെങ്കിലും ക്ഷണിച്ച് പൈലറ്റ് ക്യാമ്പിലെ എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അതിനുള്ള സമയം വരട്ടെ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.
പൈലറ്റിനെയും സംഘത്തെയും അയോഗ്യരാക്കിയുള്ള നോട്ടീസ് കോണ്‍ഗ്രസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇവര്‍ എവിടെയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അതുകൊണ്ട് ഇവരുടെ രാജസ്ഥാനിലുള്ള വീടുകളുടെ പുറത്ത് നോട്ടീസ് പതിപ്പിക്കുകയും നോട്ടീസ് വാട്‌സ് ആപ്പ് സന്ദേശമായി അയക്കുകയുമാണ് ചെയ്തിരിക്കുന്നത്.
ശനിയാഴ്ച ഗെലോട്ട് ഗവര്‍ണറെ കണ്ടിരുന്നു. തനിക്ക് 102 പേരുടെ പിന്തുണയുണ്ടെന്നും അറിയിച്ചിരുന്നു. ജൂലൈ 22 നാണ് സച്ചിന്‍ നല്‍കിയ ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് ശേഷം സഭ വിളിച്ചുചേര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം.
200 സീറ്റുള്ള രാജസ്ഥാനില്‍ 107 എം.എല്‍.എമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. എന്നാല്‍ സച്ചിന്‍ പൈലറ്റും സംഘവും സര്‍ക്കാരിനെതിരെ രംഗത്തെത്തിയതോടെ സര്‍ക്കാരിന് ഭീഷണിയായിരുന്നു.
18 എം.എല്‍.എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സച്ചിന്‍ പൈലറ്റ് അവകാശപ്പെടുന്നത്.
അതേസമയം സംസ്ഥാനത്തെ ആറ് ബി.എസ്.പി എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. രണ്ട് ബി.ടി.പി എം.എല്‍.എമാരും സര്‍ക്കാര്‍ അനുകൂല നിലപാടുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പിക്ക് 72 സീറ്റാണ് രാജസ്ഥാന്‍ നിയമസഭയില്‍ ഉള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ