എ.എ.പിയുമായി സഖ്യമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി അജയ് മാക്കന്‍
national news
എ.എ.പിയുമായി സഖ്യമില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി അജയ് മാക്കന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd April 2019, 11:22 am

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലന്ന് ദല്‍ഹി മുന്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍.

ദല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യം വേണമെന്ന് തുടക്കം മുതല്‍ നിലപാടെടുത്ത വ്യക്തിയായിരുന്നു അജയ് മാക്കന്‍. ആം ആദ്മിയുമായി സഖ്യമില്ലെങ്കില്‍ ദല്‍ഹി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിടുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് തവണ ദല്‍ഹി മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് അജയ് മാക്കന്‍.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏഴ് സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അജയ് മാക്കന്‍ നിലപാട് വ്യക്തമാക്കിയത്. ദല്‍ഹി മണ്ഡലത്തില്‍ നിന്ന് താന്‍ സ്ഥാനാര്‍്ത്ഥിയായില്ലെങ്കില്‍ എ.എ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മാക്കന്‍ പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് എ.എ.പി സഖ്യസാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

തലസ്ഥാനത്ത് ബി.ജെ.പിയെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം ചേരണമെന്ന ആവശ്യത്തോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖം തിരിച്ചെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെജ്‌രിവാളുമായി ഒരു സഖ്യത്തിനും തങ്ങളില്ലെന്ന് ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ ഷീലാ ദിക്ഷിതിന്റെ പരമാര്‍ശത്തെ സംബന്ധിച്ചുള്ള ചോദ്യത്തിന് അവര്‍ പ്രധാനപ്പെട്ട നേതാവല്ലെന്നായിരുന്നു കെജ രിവാളിന്റെ മറുപടി. ഞങ്ങള്‍ രാഹുല്‍ ഗാന്ധിയുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ്,ഹരിയാന, ദല്‍ഹി എന്നിവിടങ്ങളില്‍ എ.എ.പി കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് അറിയിച്ചിരുന്നു. ദല്‍ഹിയില്‍ അഞ്ചു സീറ്റ് നല്‍കണമെന്നായിരുന്നു എ.എ.പിയുടെ ആവശ്യം. 2014-ല്‍ ദല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പി തൂത്തു വാരിയിരുന്നു. കോണ്‍ഗ്രസ്-എ.എ.പി സഖ്യമില്ലാതെ മത്സരിച്ചാല്‍ ഇത്തവണയും ബി.ജെ.പിക്ക് നേട്ടമുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ സഖ്യം അനിവാര്യമാണെന്ന് കെജ്‌രിവാള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ദല്‍ഹി യൂണിറ്റ് സഖ്യത്തോട് ഒരു തരത്തിലും താത്പര്യം കാണിച്ചിരുന്നില്ല. പി.സി.സി.അധ്യക്ഷ ഷീലാ ദിക്ഷിതാണ് സഖ്യത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത്. സഖ്യത്തില്‍ കെജ്‌രിവാള്‍ നല്‍കുന്ന രണ്ടോ മൂന്നോ സീറ്റ് പാര്‍ട്ടിക്ക് ഒരു ഗുണവും നല്‍കില്ലെന്നാണ് അവരുടെ വാദം.