ന്യൂദല്‍ഹി: കൊടികുന്നില്‍ സുരേഷും എം.കെ രാഘവനുമടക്കം ആറ് കോണ്‍ഗ്രസ് ലോക്‌സഭ അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. അഞ്ച് ദിവസത്തേക്ക് ഇവര്‍ക്ക് സഭാ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയില്ല. കൊടികുന്നിലിനും, രാഘവനും പുറമെ രണ്‍ജി രാജന്‍, സുഷ്മിതാ ദേവ്, ആദിര്‍രാജന്‍ ചൗധരി, ഗൗരവ് ഗഗോയി എന്നിവരെയാണ് സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു.
സഭ സമ്മേളിച്ചപ്പോള്‍ തന്നെ ദളിത് – ന്യൂനപക്ഷ വിഷയങ്ങള്‍, ഗോ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പിമാര്‍ ആവശ്യപെട്ടിരുന്നു. അടിയന്തരപ്രമേയത്തിന് കോണ്‍ഗ്രസ് എം.പിമാര്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ സ്പീക്കര്‍ സുമിത്രാമഹാജന്‍ അനുമതി നിഷേധിക്കുകയായിരുന്നു.
തുടര്‍ന്ന് പ്രതിഷേധങ്ങളുമായി എം.പിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ഇതിനിടെ ചില എം.പിമാര്‍ സ്പീക്കറുടെ ചേമ്പറിന് നേരെ കടലാസുകഷ്ണങ്ങള്‍ എറിഞ്ഞു. ഈ നടപടി സ്പീക്കറോടുള്ള അവഹേളനമാണെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആരോപിച്ചു.
തുടര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആറ് കോണ്‍ഗ്രസ് അംഗങ്ങളുടെ ഭാഗത്തുനിന്നും അച്ചടക്ക ലംഘനമുണ്ടായെന്നും സഭാ നടപടികള്‍ അലങ്കോലപ്പെടുത്തിയെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് ആറ് എം.പിമാരെ അഞ്ചു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യുകയായിരുന്നു.