| Sunday, 3rd June 2018, 4:59 pm

പി.ജെ. കുര്യന് വോട്ട് ചെയ്യില്ലെന്നുറച്ച് കോണ്‍ഗ്രസ് യുവനേതൃത്വം; പാര്‍ട്ടിക്കുള്ള മുന്നറിയിപ്പോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസിലെ യുവനിരയുടെ പ്രതിഷേധം കനക്കുന്നു.

ഷാഫി പറമ്പിലിനും വി.ടി ബല്‍റാമിനും പിന്നാലെ ഹൈബി ഈഡനും റോജി എം.ജോണും അനില്‍ അക്കരയും കൂടി പി.ജെ. കുര്യനെതിരെ രംഗത്തെത്തി.

പി.ജെ കുര്യന് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്നടിച്ചിരിക്കുയാണ് അനില്‍ അക്കര എം.എല്‍.എ. “”പി.ജെ കുര്യന്‍ ഇനി അദ്ദേഹത്തിന്റെ നാട്ടിലെ പാര്‍ട്ടി ഒക്കെ നോക്കണം. രാജ്യസഭയില്‍ വോട്ട് ചെയ്യേണ്ടത് ഞങ്ങളാണല്ലോ, ഞങ്ങളെ സംബന്ധിച്ച് ഇനി അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്.””- എന്നായിരുന്നു അനില്‍ അക്കരയുടെ പ്രതികരണം.

പി.ജെ കുര്യന്‍ മാറണമെന്ന് ഹൈബി ഈഡനും റോജിയും ആവശ്യപ്പെട്ടു കഴിഞ്ഞു. മരണംവരെ എം.എല്‍.എയോ എം.പിയോ ആയി തുടരണമെന്നുള്ളവരാണ് കോണ്‍ഗ്രസിന്റെ ശാപമെന്ന് അങ്കമാലി എം.എല്‍.എയായ റോജി എം.ജോണ്‍ പറഞ്ഞു.

എ.ഐ.സി.സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത് പി.ജെ. കുര്യനെപ്പോലെയുള്ള നേതാക്കള്‍ സ്ഥാനമൊഴിയണമെന്ന് റോജി എം.ജോണ്‍ ആവശ്യപ്പെട്ടു.

അതേസമയം രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്നായിരുന്നു ഹൈബി ഈഡന്റെ പരാമര്‍ശം. നേതാക്കളുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറിയെന്നും ഹൈബി പറഞ്ഞു.


Dont Miss മാണിയെ തള്ളി കോടിയേരി; മാണി ഉള്‍പ്പടെ ആരുടെയും പിറകെ പോകേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടിയേരി


നേരത്തെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി ആത്മവിമര്‍ശനം നടത്താന്‍ തയ്യാറാവണമെന്നായിരുന്നു ഷാഫി പറഞ്ഞത്. രാജ്യസഭ സീറ്റ് ഇതര കക്ഷികള്‍ക്ക് വിട്ട് നല്‍കാതെ കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നും, അനുയോജ്യനായ ഒരാളെ യു.ഡി.എഫ് കണ്‍വീനര്‍ പദവി ഏല്‍പ്പിക്കണമെന്നും ഷാഫി പറഞ്ഞിരുന്നു.

നേരത്തെ വി.ടി ബല്‍റാമും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി അടുപ്പമുള്ള യുവനിരയാണ് പി.ജെ കുര്യന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

രാഹുലിന്റെ അറിവോടെയാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ഇവര്‍ ഇങ്ങനെയൊരു ആക്രമണം നടത്തിയതെന്നും നേതാക്കളുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കാമെന്ന നിലപാടില്‍ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.

യുവാക്കളുടെ അവസരത്തിന് ഞാന്‍ തടസ്സമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കെ.പി.സി.സി പ്രസിഡന്ഡന്റ് സ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് തന്റെ അഭിപ്രായം പാര്‍ട്ടിയോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോജിപ്പാണെങ്കിലും വിയോജിപ്പാണെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളെ സ്വീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ കോണ്‍ഗ്രസിലെ യുവനിരയുടെ കലാപം സജീവമായ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കുര്യന്റെ പ്രതികരണം.

We use cookies to give you the best possible experience. Learn more