രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
D' Election 2019
രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പരാമര്‍ശം; മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th May 2019, 11:00 am

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കേണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുന്നു.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണു രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

‘താങ്കളുടെ(രാഹുല്‍ ഗാന്ധി) പിതാവ് മിസ്റ്റര്‍ ക്ലീന്‍ ആണെന്നാണ് അദ്ദേഹത്തിന്റെ സേവകര്‍ വാഴ്ത്തിയത്. എന്നാല്‍ ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത്’ നരേന്ദ്ര മോദി പറഞ്ഞു. വിവാദമായ ബോഫോഴ്‌സ് കേസിനെ പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനം മാത്രമല്ല ഭാരത് രത്‌ന അവാര്‍ഡ് ജേതാവിനെ അപമാനിക്കല്‍ കൂടിയാണ്. ഇതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മേയ് അഞ്ചിന് തയ്യാറാക്കിയ കത്തില്‍ പറയുന്നു.

സ്വീഡിഷ് ആയുധനിര്‍മാണ കമ്പനിയായ ബോഫോഴ്‌സുമായി 1986ല്‍ ഒപ്പിട്ട 1437 കോടി രൂപയുടെ പീരങ്കി വ്യാപാര ഇടപാടില്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും 64 കോടി രൂപ കൈക്കൂലി നല്‍കിയെന്നതാണ് ബോഫോഴ്‌സ് കേസ്. അന്നത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധിയും കോഴ വാങ്ങിയതായി ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലെന്നു ദല്‍ഹി ഹൈക്കോടതി നിരീക്ഷിച്ചു.