| Monday, 24th August 2020, 12:14 pm

സോണിയ പിന്മാറുകയും രാഹുല്‍ നിരസിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസിന് മുന്നില്‍ പിന്നെയുള്ള മാര്‍ഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കോണ്‍ഗ്രസില്‍ സമ്പൂര്‍ണ മാറ്റത്തിന് ഈ യോഗം വഴിയോരുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

സോണിയ ഗാന്ധി ഇടക്കാല കോണ്‍ഗ്രസ് സ്ഥാനത്തുനിന്ന് പിന്മാറുകയും രാഹുല്‍ ഗാന്ധി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്താല്‍ പിന്നീട് കോണ്‍ഗ്രസിന് മുന്നില്‍ ഉള്ള മാര്‍ഗം എന്തായിരിക്കുമെന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

സോണിയാ ഗാന്ധി സ്ഥാനമൊഴിയുകയാണെങ്കില്‍ സ്വാഭാവികമായി ആദ്യം ഉയര്‍ന്നുവരുന്ന ആവശ്യവും സാധ്യതയും രാഹുല്‍ ഗാന്ധിയോട് പ്രസിഡന്റ് സ്ഥാനത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരിക്കും. പൊതുവേ രാഹുല്‍ തിരിച്ചുവരണമെന്ന വികാരമാണ് ഭൂരിഭാഗം ആളുകളിലും ഉള്ളത് എന്നത് ഈ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എന്നാല്‍ പ്രസിഡന്റ് സ്ഥാനത്ത് വരാന്‍ താല്പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി പലതവണ ആവര്‍ത്തിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം വരാനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

പിന്നീട് വരുന്ന അടുത്ത സാധ്യത പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പ്രസിഡന്റായി നിര്‍ദ്ദേശിക്കുക എന്നതാണ്. മന്‍മോഹന്‍ സിംഗിന്റെയും എ.കെ ആന്റണിയുടേതും മല്ലികാര്‍ജുന്‍ ഖാര്‍കെയുടേയും പേരാണ് കേള്‍ക്കുന്നത്.

ഇനി ഈ മൂന്ന് സാധ്യതകളും നടന്നില്ലെങ്കില്‍ അടുത്ത സാധ്യത എന്നുപറയുന്നത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ പുതുതായി ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നതായിരിക്കും. നിലവില്‍ പാര്‍ട്ടി ഇതിന് സജ്ജമാണെന്ന് വേണം കരുതാന്‍. പാര്‍ട്ടിക്ക് ഇതിനകം തന്നെ എല്ലാ സംസ്ഥാനങ്ങളിലും ഇലക്ടറല്‍ കോളേജുകള്‍ ഉണ്ട്, ഹരിയാനയിലെയും ചില ഒറ്റപ്പെട്ട സംസ്ഥാനങ്ങളിലെയും എ ഐ.സി.സി പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇതിന് ഏകദേശം രണ്ട് മാസം കൂടി എടുത്തേക്കാം.

ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധി ചുമതല ഏല്‍ക്കുമ്പോള്‍ തന്നെ ആറ് മാസത്തിനകം തന്നെ തെരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റെ തെരഞ്ഞെടുക്കും എന്ന തീരുമാനം ഉണ്ടായതാണ് എന്നാല്‍ കൊവിഡ് പ്രതിസന്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ട് ഇതുവരെ അത് സാധിച്ചില്ല.

അതിനാല്‍, 3 മാസം മുതല്‍ 6 മാസത്തിനുള്ളില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ തീരുമാനമെടുക്കാം. അതുവരെ പാര്‍ട്ടിനേതാക്കള്‍ ഇടക്കാല പ്രസിഡന്റായി തുടരാന്‍ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കാന്‍ സാധ്യതയുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: congress working committee meeting

We use cookies to give you the best possible experience. Learn more