| Tuesday, 12th March 2019, 8:58 am

58 വര്‍ഷത്തിന് ശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം; പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതില്‍ അന്തിമതീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന് അഹമ്മദാബാദില്‍. 58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. 1961ലാണ് അവസാനമായി ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം നടന്നത്.

ലോക്‌സഭാ തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച് മൂന്നാംനാളാണ് മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് പ്രചരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം പ്രകടന പത്രികയുടെ അന്തിമ കരടിന് അംഗീകാരം നല്‍കും.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തും. തെരഞ്ഞെടുപ്പ് പ്രകടന പത്രികക്ക് യോഗം അംഗീകാരം നല്‍കും. സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് ശേഷമാകും യോഗം ആരംഭിക്കുക.

തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടി, ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണ പരിപാടികള്‍, സഖ്യ നീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണോയെന്ന കാര്യത്തിലും അന്തിമതീരുമാനം വന്നേക്കും.

യോഗത്തിന്പുറമേ, ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം പ്രിയങ്കഗാന്ധിയും പങ്കെടുക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പദവി ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി കൂടിയാകും ഇത്. “ജയ് ജവാന്‍ ജയ് കിസാന്‍” എന്ന പേരിലാണ് പൊതുറാലി സംഘടിപ്പിക്കുന്നത്.


യോഗത്തിനെത്തുന്ന രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് ഗുജറാത്ത് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക്ക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരും. പൊതുപരിപാടിക്ക് ഹാര്‍ദിക്കും എത്തിയേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേല്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, പ്രവത്തകസമിതി ചേരുന്ന ഗുജറാത്തില്‍ സ്വന്തം എം.എല്‍.എമാര്‍ കൊഴിഞ്ഞുപോകുന്ന സമ്മര്‍ദ്ദത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ നാലുദിവസത്തിനിടെ മൂന്ന് എം.എല്‍.എമാരാണ് രാജിവച്ചത്. ഇതോടെ, സംസ്ഥാനത്ത് കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാരുടെ എണ്ണം അഞ്ചായി.

We use cookies to give you the best possible experience. Learn more