Congress Politics
ഡി.കെ ശിവകുമാറിനെ ദേശീയ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സോഷ്യല്‍ മീഡിയയില്‍ പ്രചരണം, ആവശ്യം ഉന്നയിച്ച് മണി ശങ്കര്‍ അയ്യരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 10, 03:14 pm
Wednesday, 10th July 2019, 8:44 pm

പതിവ് പോലെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരിനെ താഴെ വീഴാതെ നോക്കാന്‍ ഇറങ്ങിക്കളിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ്. വിമത എം.എല്‍.എമാരെ നേരില്‍ കാണുന്നതിന് വേണ്ടി മുംബൈയ്ക്ക് വിമാനം കയറിയതും അറസ്റ്റ് ചെയ്യപ്പെടേണ്ടി വന്നതൊക്കെ രാജ്യത്തൊട്ടാകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരാധനയാണ് ശിവകുമാറിന് സമ്മാനിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ശിവകുമാറിനെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷനാക്കണമെന്ന പ്രചരണം ആരംഭിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.

തെക്കെ ഇന്ത്യയില്‍ നേരത്തെ തന്നെ ഡി.കെ ശിവകുമാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രസിദ്ധനാണെങ്കിലും ദേശീയ തലത്തില്‍ അത്രയ്ക്ക് പ്രമുഖനായിരുന്നില്ല. എന്നാല്‍ ഇത്തവണത്തെ രക്ഷാപ്രവര്‍ത്തനം വലിയ തോല്‍വിയെ അഭിമുഖീകരിച്ചു നില്‍ക്കുന്ന ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലും ശിവകുമാറിനെ പ്രിയങ്കരനാക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദേശീയ അദ്ധ്യക്ഷനായി ശിവകുമാര്‍ വരണമെന്ന ആവശ്യം ഉന്നയിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

 

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായോടാണ് ശിവകുമാറിനെ താരതമ്യം ചെയ്യുന്നത്. അമിത് ഷായുടെ തന്ത്രങ്ങളെ തകര്‍ക്കാന്‍ ഡി.കെയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പല പോസ്റ്റുകളിലും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ മനുഷ്യന്‍ അത്രയും ധൈര്യവാനാണ്. അധികാകരമില്ലാതിട്ടും അത്രയും ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്നു. അദ്ദേഹം കോണ്‍ഗ്രസിന്റെ അടുത്ത ദേശീയ അദ്ധ്യക്ഷനാവണമെന്ന് ആഗ്രഹിക്കുന്നു. മോദിയെയും 40 കള്ളന്‍മാരെയും ശരിക്കുള്ള പാഠം പഠിപ്പിക്കാന്‍ കഴിയട്ടെ എന്നും ആഗ്രഹിക്കുന്നുവെന്ന് മണി ശങ്കര്‍ അയ്യരുടെ പ്രതികരണം.

 

ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തില്‍ രണ്ട് ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

താഴത്തെട്ടിലെ ജനങ്ങള്‍ക്കിടയില്‍ പിന്തുണയുള്ള, എന്തും നേടിയെടുക്കുന്ന നേതാവ് എന്നാണ് പോസ്റ്ററില്‍ ഡി.കെ ശിവകുമാറിനെ വിശേഷിപ്പിക്കുന്നത്. വിമത എം.എല്‍.എമാരെ തിരികെ കൊണ്ട് വരുന്നതിന് വേണ്ടി ഡി.കെ ശിവകുമാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും പോസ്റ്ററില്‍ എണ്ണിപറയുന്നു.

‘സ്പീക്കറുടെ ചേംബറിലെത്തി 11 വിമത എം.എല്‍.എമാരെ കണ്ടെത്തി നാല് എം.എല്‍.എമാരെ തിരികെ കൊണ്ട് വന്നതാര്. ഒരേയൊരു ഡി.കെ ശിവകുമാര്‍. എം.എല്‍.എമാരുടെ രാജി തടയുന്നതിന് വേണ്ടി രാജിക്കത്ത് കീറിക്കളഞ്ഞതാര്, ഒരേയൊരു ഡി.കെ ശിവകുമാര്‍’ പോസ്റ്ററില്‍ പറയുന്നു.