സെക്യൂലറിസം ഒരു തെറി വാക്കായി മാറുന്നതില്‍ അതുല്യമായ സംഭാവന അര്‍പ്പിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. അതിന് പ്രധാനകാരണം ജവഹര്‍ലാല്‍ നെഹ്‌റുവിന് സെക്യൂലറിസത്തോടുണ്ടായിരുന്ന അടിസ്ഥാന പരമായ കമ്മിറ്റ്മെന്റ്‌റ് ഒരു പ്രസ്ഥാനമെന്ന നിലയില്‍ കോണ്ഗ്രസിന് ഉണ്ടായിരുന്നില്ല എന്നതാവണം. ഇഇന്ത്യ പോലെ പോലെ മതാത്മകമായ ഒരു സമൂഹത്തില്‍ സെക്യൂലറിസത്തിന്റെ പ്രസക്തിയും പരിമിതിയും ഒരു പോലെ തിരിച്ചറിയാന്‍ നെഹ്റുവിന് സാധിച്ചിരുന്നു.
മതവും രാഷ്ട്രീയവും കൂടിക്കലരുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന കാര്യത്തില്‍ വിഭജനാനന്തര കൂട്ടക്കൊലകള്‍ക്ക് സാക്ഷിയായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നെഹ്റുവിന് സംശയങ്ങള്‍ ഉണ്ടാകാന്‍ ഇടയില്ല. ഒരു രാജ്യത്തിന്റെ പ്രാഥമിക സ്വത്വം മതത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തുന്നത് ആത്യന്തികമായി പരാജയപ്പെടും എന്നു മനസിലാക്കാന്‍ നെഹ്റുവിന് സാധിച്ചിരുന്നു. അതേ സമയം ഇത്രയും മത ബദ്ധമായ, തീവ്രമായി മതാത്മക സംസ്‌കാരത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു രാജ്യത്ത് സെക്യൂലറിസത്തിന്റെ ഹാര്‍ഡ് വേര്‍ഷന്‍ അസാധ്യമായിരുന്നു. അതൊരു എലിറ്റിസ്‌റ് സമവായത്തിലൂടെ മുകളില്‍ നിന്ന് ഇറക്കപ്പെട്ട ഒന്നായെ നമ്മുടെ സമൂഹത്തിന് അനുഭവപ്പെടാന്‍ സാധിക്കുമായിരുന്നുള്ളൂ.
ഈയൊരു പരിമിതിയെ മറികടക്കാന്‍, ചുരുങ്ങിയത് ഇന്ദിര ഗാന്ധിയുടെ കാലം മുതല്‍ എങ്കിലും, കോണ്‍ഗ്രസ്സുകാര്‍ തുടങ്ങിയ പരിപാടിയാണ് ഓരോ മത വിഭാഗങ്ങളിലെയും യാഥാസ്ഥിതിക വിഭാഗങ്ങളെ തരാതരം പോലെ താലോലിക്കല്‍. കോണ്‍ഗ്രസ്് കൂടാരത്തില്‍ മതമൗലിക വാദത്തിന്റെ രാജ വെമ്പലാ വേര്‍ഷന്‍ മുതല്‍ നീര്‍ക്കോലി വേര്‍ഷന്‍ വരെ നല്ല ഇണക്കത്തില്‍ കഴിഞ്ഞു. പക്ഷെ ഇങ്ങനെ പാലുകൊടുത്തു വളര്‍ത്തുന്നത് ചിലപ്പോ തിരിഞ്ഞു കടിക്കും. അതിനു ഉദാഹരണമാണ് പഞ്ചാബിലെ ബിന്ദ്രന്‍വാലയും മറ്റും.
താല്‍ക്കാലികമായ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മതത്തെ അപകടകരമായി ഉപയോഗിക്കല്‍ ആ അര്‍ത്ഥത്തില്‍ നീണ്ട കാലമായി ഒരു കോണ്‍ഗ്രസ് സ്ട്രാറ്റജി ആണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്സുകാര്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടിയും മറ്റൊന്നുമല്ല. പക്ഷെ ഈ കളി അഹിംസാ പാര്‍ട്ടി തോല്‍ക്കാന്‍ വേണ്ടി മാത്രം കളിക്കുന്ന കളിയാണ് എന്നു മാത്രം. ഹിന്ദുത്വ രാഷ്ട്രീയം പച്ചക്ക് ഇവിടെ ഉണ്ട്. അത് ഇന്ത്യയിലെ ഭരണകക്ഷി കൂടിയാണിത് ഇന്ന്. വര്‍ഗീയതയുടെ ദേശീയ ടീം കളം നിറഞ്ഞു കളിക്കുമ്പോള്‍ മൃദു ഹിന്ദുത്വയുടെ അണ്ടര്‍ 19 ടീമിനെ ആര്‍ക്ക് വേണം ?മതനിരപേക്ഷതയെക്കുറിച്ചുള്ള അധരവ്യായാമം പോലും കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ ഉപേക്ഷിക്കുകയാണ് എന്നു വേണം മനസിലാക്കാന്‍.