തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. കോണ്‍ഗ്രസ് നേതാവും മുന്‍ കേരള മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ പേഴ്‌സനല്‍ സെക്രട്ടറി ഉള്‍പ്പെടെ നിരവധി പേരാണ് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലെത്തിയത്.
വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ നിയന്ത്രണത്തില്‍ തുടരുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും നേതാക്കളുമാണ് കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നത്.
തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പുതിയ അംഗങ്ങള്‍ക്ക് അംഗത്വം വിതരണം ചെയ്തു.
യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും കെ. കരുണാകരന്റെ പേഴ്‌സനല്‍ സെക്രട്ടറിയുമായിരുന്ന ഒ.ബി.സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. മോഹനന്‍, ഐ ഗ്രൂപ് നേതാവും യു.ഡി.എഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും ഐ.എന്‍.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി അംഗവുമായ സജിത ബാബുരാജ്, ഒ.ബി.സി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടി.എം. നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐ.എന്‍.ടി.യു.സി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
സി.പി.ഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല ജോയന്റ് സെക്രട്ടറിയും തൃശൂര്‍ മള്‍ട്ടിപര്‍പ്പസ് ബാങ്ക് ഡയറക്ടറുമായ സുനില്‍കുമാറും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ പട്ടികയിലുണ്ട്.
Content Highlight: Congress workers joined bjp, includes former personal secretary of karunakaran-reports