ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് ട്വിറ്ററിന്റെ ഔദ്യോഗിക ചിഹ്നമായ ലാറി ബേര്‍ഡിന് സമാനമായ കിളിയെ കൊന്ന് വറുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക വഴി ട്വിറ്റര്‍ വലിയ അബദ്ധമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
‘ട്വിറ്റര്‍, നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത് ഞങ്ങളുടെ ട്വീറ്റുകള്‍ നിരുത്സാഹപ്പെടുത്തിയത് വലിയ തെറ്റാണ്. അതിനാല്‍, ഞങ്ങള്‍ ഇത് (ട്വിറ്റര്‍ പക്ഷി) വറുത്ത് ഗുഡ്ഗാവിലെയും ഗുരുഗ്രാമിലെയും ദല്‍ഹിയിലെയും ആസ്ഥാനത്തേക്ക് അയക്കുന്നു,’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ട്വിറ്ററിന് ഈ വിഭവം ഇഷ്ടമാകുമെന്ന് തങ്ങള്‍ കരുതുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ ഗാന്ധി പങ്കുവെച്ചതിന് പിന്നാലെയാണ് ട്വിറ്റര്‍ ചിത്രം അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തത്.
കമ്പനിയുടെ നയം ലംഘിച്ചതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് തങ്ങള്‍ നീക്കം ചെയ്യുകയും അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ചെയ്തുവെന്നായിരുന്നു ട്വിറ്റര്‍ ഇന്ത്യ പറഞ്ഞത്.
ദേശീയ ബാലാവകാശ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു ട്വിറ്ററിന്റെ നടപടി. രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബാലാവകാശ സംരക്ഷണ വകുപ്പ് ആഗസ്റ്റ് 4 ന് ട്വിറ്ററിന് നോട്ടീസ് അയച്ചിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.