എറണാകുളം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പാലാരിവട്ടം പൊലീസ്. പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും പ്രവര്‍ത്തകരും പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.
തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധം ആരംഭിച്ചത്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡന്‍ എം.പി, എം.എല്‍.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
പാലാരിവട്ടം സ്റ്റേഷന്‍ എസ്.ഐ ഉപരോധം നടത്തുന്നവര്‍ പിരിഞ്ഞുപോയില്ലെങ്കില്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി. ഉപരോധം മണിക്കൂറുകള്‍ പിന്നിട്ടിട്ടും പൊലീസ് കൃത്യമായ മറുപടി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്ത് എത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലാക്കപ്പെട്ട ഏഴ് പ്രവര്‍ത്തകരെയും ജാമ്യം നല്‍കി പുറത്തിവിടാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരള പൊലീസിന് എതിരായാണ് സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിനാല്‍ സാങ്കേതികമായി പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കുന്ന നടപടി സ്വീകരിക്കാന്‍ നിലവില്‍ കഴിയില്ലെന്ന് പൊലീസ് പ്രതികരിച്ചു.
നിലവില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ രൂക്ഷമായ സംഘര്‍ഷം നിലനില്‍ക്കുന്നതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: Congress workers besieged the Palarivattam police station