| Saturday, 5th October 2019, 11:12 am

പ്രിയങ്ക ഗാന്ധിക്ക് സ്ഥിരതാമസത്തിന് യു.പിയില്‍ വീട് തേടി കോണ്‍ഗ്രസ്; ലക്ഷ്യം 2022 തെരഞ്ഞെടുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് യു.പിയില്‍ സ്ഥിര താമസത്തിന് വീട് തേടി കോണ്‍ഗ്രസ്. സംസ്ഥാനത്തെ പാര്‍ട്ടിയുടെ പൂര്‍ണ്ണ ചുമതലയുള്ള പ്രിയങ്കക്ക് ലഖ്‌നൗവിലാണ് വീട് തേടുന്നത്. ഗോഖലെ മാര്‍ഗിലും ഗോമതി നഗറിലും രണ്ട് വീടുകളാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഗോഖലെ മാര്‍ഗിലെ വീട്ടില്‍ പ്രിയങ്ക കുറച്ചു സമയം ചെലവഴിച്ചിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ ബന്ധുവായിരുന്ന പരേതയായ ഷീല കൗളിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വീട് എന്നാണ് പാര്‍ട്ടി നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. കൗളിന്റെ കുടുംബം ഇവിടെ കുറച്ചു കാലമായി താമസിക്കുന്നില്ല. കോണ്‍ഗ്രസ് സംസ്ഥാന കാര്യാലയത്തില്‍ നിന്ന് മൂന്നു കിലോ മീറ്റര്‍ അടുത്താണ് ഈ വീട്.

ഈ വീട് പറ്റിയില്ലെങ്കില്‍ മാത്രമേ ഗോമതി നഗറിലെ വീട്ടില്‍ താമസിക്കാന്‍ സാധ്യതയുള്ളൂ. പ്രിയങ്ക സംസ്ഥാന സന്ദര്‍ശനം നടത്തുമ്പോള്‍ ഹോട്ടലുകളില്‍ താമസിക്കാറാണ് പതിവ്.

പ്രിയങ്ക ഗാന്ധി സ്ഥിരമായി സംസ്ഥാനത്ത് താമസിച്ചാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്ല പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ വിശ്വസിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ലൈംഗികാത്രിക്രമം നടത്തിയ സംഭവത്തില്‍പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പിയും ബി.എസ്.പിയും പ്രതിഷേധം പ്രസ്താവനകളില്‍ ഒതുക്കിയിരുന്നു. തെരുവില്‍ പ്രതിഷേധം നടത്തിയത് കോണ്‍ഗ്രസ് മാത്രമായിരുന്നു. ഇത് സംസ്ഥാനത്ത് രാഷ്ട്രീയമായ മേല്‍ക്കെ സമ്മാനിച്ചിരുന്നു. ഇതിനെ മുന്‍നിര്‍ത്തി മുന്നോട്ട് പോവാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.

യു.പിയില്‍ സ്വാധീനം വളരെയധികം കുറഞ്ഞു പോയ കോണ്‍ഗ്രസിന് പ്രിയങ്കയുടെ സന്ദര്‍ശനങ്ങള്‍ വാര്‍ത്തകളിലിടം നേടാന്‍ സഹായിച്ചിരുന്നു. സോനഭദ്ര സംഭവത്തില്‍ പ്രിയങ്കയുടെ ഇടപെടല്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. പ്രിയങ്ക സംസ്ഥാനത്ത് സ്ഥിരമായിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഇടപെടാന്‍ സാധിക്കുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടതിന്റെ ഫലമായാണ് വീട് തേടാന്‍ പ്രിയങ്ക ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more