| Monday, 22nd October 2018, 5:59 pm

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല; പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പി യെ പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നും തമിള്‍ ന്യൂസ് 18 ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

“പ്രദേശിക പാര്‍ട്ടികളുമായി സഖ്യചര്‍ച്ചയിലാണ് ഞങ്ങളിപ്പോള്‍. എല്ലാവരുമായും ചര്‍ച്ചചെയ്ത ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയുള്ളു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വേണമെന്ന് പാര്‍ട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ചില മുതിര്‍ന്ന സ്ഥാനാര്‍ത്ഥികള്‍ അത്തരം സൂചനകള്‍ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് അവരെ അതില്‍ നിന്നും വിലക്കിയിട്ടുമുണ്ട്. ബി.ജെ.പി പുറത്തുപോകണം, പകരം പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, വ്യക്തിസ്വാതന്ത്ര്യത്തിന് വിലകല്‍പ്പിക്കുന്ന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മെച്ചപ്പെട്ട സുരക്ഷ ഒരുക്കാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഭരണത്തില്‍ വരണം”-അദ്ദേഹം പറഞ്ഞു.

Also Read അഴിമതിക്കേസില്‍ കുടുങ്ങിയ സി.ബി.ഐയിലെ രണ്ടാമന്‍ മോദിയുടെ കണ്ണിലുണ്ണി; ഗോധ്ര കേസ് അന്വേഷണ സംഘത്തലവന്‍: ആരോപണവുമായി രാഹുല്‍

ഈയിടെ നടന്ന ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ വച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറണോ എന്ന ചോദ്യത്തിന് “സംഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും” എന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

2019 ലോക്‌സഭാ തെരെഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായാല്‍ താന്‍ പ്രധാനമന്ത്രി ആയേക്കുമെന്നും കര്‍ണാടക തെരെഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more