| Tuesday, 1st February 2022, 9:57 pm

അഖിലേഷിന് കോണ്‍ഗ്രസിന്റെ ഐക്യദാര്‍ഢ്യം; സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവിനെതിരെയും ശിവപാല്‍ യാദവിനെതിരെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

കഴിഞ്ഞ പാര്‍ലിമെന്ററി തെരഞ്ഞെടുപ്പില്‍ രാഹുല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും റായ്ബറേലിയില്‍ സോണിയാഗാന്ധിക്കെതിരെയും എസ്.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഇരുവര്‍ക്കുമെതിരെയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനില്ലെന്ന് പ്രഖ്യാപിച്ചത്.

സമാജ്‌വാദി പാര്‍ട്ടിയുടെ പരമ്പരാഗത മണ്ഡലമായ കര്‍ഹാലില്‍ നിന്നുമാണ് അഖിലേഷ് മത്സരിക്കുന്നത്. അച്ഛന്‍ മുലായം സിംഗ് യാദവിന്റെ പാര്‍ലമെന്ററി മണ്ഡലമായ മെയിന്‍പുരിയിലെ നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാണ് കര്‍ഹാല്‍.

സമാജ്‌വാദി പാര്‍ട്ടിയുടെ കുത്തക മണ്ഡലമായ കര്‍ഹാലില്‍ നിന്നും മത്സരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നയിക്കാനാണ് അഖിലേഷ് യാദവ് ഒരുങ്ങുന്നത്.

സമാജ്‌വാദി പാര്‍ട്ടിയെയും അഖിലേഷിനെയും സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കര്‍ഹാല്‍.

സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് മറ്റു മണ്ഡലങ്ങളില്‍ ആവശ്യമായ പ്രചരണവും ക്യാമ്പെയ്നുകളും സംഘടിപ്പിക്കുക എന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് അഖിലേഷ് കര്‍ഹാല്‍ തന്നെ തെരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് കരുതുന്നത്.

അഖിലേഷ് തന്നെയാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.

ഒരു കാലത്ത് സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവായ എസ്.പി. സിംഗ് ഭാഗേലാണ് കര്‍ഹാലില്‍ അഖിലേഷിനെ നേരിടാനൊരുങ്ങുന്നത്.

മുലായം സിംഗിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഭാഗേല്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയും, ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു. നിലവില്‍ മോദി നേതൃത്വം നല്‍കുന്ന കേന്ദ്രമന്ത്രിസഭയിലെ അംഗം കൂടിയാണ് ഭാഗേല്‍.

കര്‍ഹാലില്‍ ബി.ജെ.പി വിജയിക്കുമെന്നും കര്‍ഹാല്‍ ആരുടെയും ശക്തികേന്ദ്രമല്ലെന്നുമായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കിക്കൊണ്ട് ഭാഗേല്‍ പറഞ്ഞത്.

‘എന്റെ എല്ലാ ശക്തിയുമെടുത്ത് ഞാന്‍ പോരാടും. സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തിദുര്‍ഗങ്ങളായ കനൗജിലും ഫിറോസാബാദിലും എടാവയിലും എസ്.പി തോല്‍ക്കുന്നത് ഞാന്‍ കണ്ടതാണ്. ഇക്കൂട്ടത്തിലേക്ക് കര്‍ഹാലും ചേര്‍ത്തുവെക്കും,’ ഭാഗേല്‍ പറഞ്ഞു.

സമാജ്‌വാദി പാര്‍ട്ടിയുടെ സമുന്നതനായ നേതാവും അഖിലേഷ് യാദവിന്റെ അമ്മാവനുമായിരുന്ന ശിവപാല്‍ യാദവ് 2017ലാണ് കുടുംബ തര്‍ക്കങ്ങളെ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. എന്നാലിപ്പോള്‍ അഖിലേഷ് നേതൃത്വം നല്‍കുന്ന ചെറുപാര്‍ട്ടികളുടെ സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ശിവപാല്‍ യാദവ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ആര്‍.എല്‍.ഡിയടക്കമുള്ള പാര്‍ട്ടികളെ ചേര്‍ത്താണ് അഖിലേഷ് സഖ്യത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ശിവപാല്‍ യാദവ്

എടാവയിലെ ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ നിന്നുമാണ് ശിവപാല്‍ യാദവ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നുതന്നെയാണ് ജസ്വന്ത് നഗറും.

മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി.എസ്.പി) ഇരുവര്‍ക്കുമെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

403 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലായി ഏഴ് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നാണ് കര്‍ഹാലിലും ജസ്വന്ത് നഗറിലും തെരഞ്ഞെടുപ്പ് നടക്കുന്നത്.

മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Content Highlight: Congress Won’t Field Candidate Against Akhilesh Yadav, Shivpal Yadav in upcoming UP Election

We use cookies to give you the best possible experience. Learn more