| Monday, 22nd May 2023, 8:23 am

ഞങ്ങളുടെ പ്രകടന പത്രിക ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചത്: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രകടന പത്രിക പകര്‍ത്തിയതാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എ.എ.പിയുടെ പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

‘ രാജ്യത്തെ രാഷ്ട്രീയത്തിന്റെ മുഴുവന്‍ ആഖ്യാനങ്ങളെയും മാറ്റാനാണ് എ.എ.പി ശ്രമിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പ് നോക്കൂ, ഞങ്ങളുടെ പ്രകടന പത്രിക ഉപയോഗിച്ചാണ് കോണ്‍ഗ്രസ് ജയിച്ചത്,’ വാര്‍ത്താ സമ്മേളനത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

‘ഞങ്ങള്‍ സൗജന്യ വൈദ്യുതി നല്‍കുമെന്ന് പറഞ്ഞു, അവരും അത് തന്നെ പറഞ്ഞു. ഞങ്ങള്‍ തൊഴിലില്ലാ വേതനം, സൗജന്യ റേഷന്‍, സ്ത്രീകള്‍ക്ക് 1000 രൂപ എന്നിവയെല്ലാം നല്‍കുമെന്ന് പറഞ്ഞു, അവരും അത് തന്നെ പറഞ്ഞു,’ അദ്ദേഹം പറഞ്ഞു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ ഐക്യത്തിനായി
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കെജ്‌രിവാളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

അടുത്തിടെ ഉത്തര്‍പ്രദേശില്‍ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ വാര്‍ഡുകളിലായി മൂന്ന് നഗര്‍ പാലിക ചെയര്‍പേഴ്‌സണ്‍ സീറ്റ്, ആറ് നഗര്‍ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍ സീറ്റ്, ആറ് നഗര്‍ നിഗം കൗണ്‍സിലര്‍ സീറ്റ് എന്നിവ എ.എ.പി നേടിയിരുന്നു.

എ.എ.പിയുടെ യൂണിറ്റ് നേതാക്കളെ കെജ്‌രിവാള്‍ അഭിനന്ദിച്ചു. ‘ബി.ജെ.പി ശക്തി കേന്ദ്രമായി നില്‍ക്കുന്ന ഇവിടുത്തെ തെരഞ്ഞെടുപ്പ് വളരെ ബുദ്ധിമുട്ട് ഉള്ളതാണ്. നിങ്ങള്‍ കഠിനമായി പ്രത്‌നിക്കുകയും ബി.ജെ.പിയെ പ്രതിരോധിക്കുകയും ചെയ്തു,’ കെജ്‌രിവാള്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിവിധ സീറ്റുകളിലെ ജയം ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശുകാര്‍ക്ക് സദ്ഭരണവും സംസ്ഥാനത്തിന്റെ വികസനവുമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണ ശക്തിയോടെ മത്സരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Contenthighlight: Congress won karnataka election using our manifesto: Arwind kejriwal

We use cookies to give you the best possible experience. Learn more