ബി.ജെ.പി കോട്ട പിടിച്ചടുക്കി കോണ്‍ഗ്രസ്: ഗുരുദാസ്പൂരിലെ വിജയം 1.9ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്
Daily News
ബി.ജെ.പി കോട്ട പിടിച്ചടുക്കി കോണ്‍ഗ്രസ്: ഗുരുദാസ്പൂരിലെ വിജയം 1.9ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th October 2017, 1:22 pm

 

ഗുരുദാസ്പൂര്‍: ഗുരുദാസ്പൂരില്‍ ബി.ജെ.പി കോട്ട പിടിച്ചടുക്കി കോണ്‍ഗ്രസ്. 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കറിന്റെ വിജയം.

തുടര്‍ച്ചയായി നാലു തവണ ബി.ജെ.പിയുടെ വിനോദ് ഖന്ന വിജയിച്ച മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ഇത്രയും വലിയ മുന്നേറ്റം കാഴ്ചവെച്ചത്. ഖന്നയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടത്തേണ്ടിവന്നത്.

ഒമ്പതു നിയസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാാണ് ഗുരുദാസ് പൂര്‍ ലോഗക്‌സഭാ സീറ്റ്. ഭോവ, പത്താന്‍കോട്ട്, ഗുരുദാസ്പൂര്‍, ദിനനഗര്‍, ഖ്വാദിയന്‍, ഫത്തേഘര്‍ ചുരിയന്‍, ദേര ബാബ നാനാക്, സുജന്‍പൂര്‍, ബടാല എന്നിവയുള്‍പ്പെടുന്നതാണ് ഗുരുദാസ്പൂര്‍ ലോക്‌സഭാ മണ്ഡലം.

പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഗുരുദാസ്പൂരിലെ ജനവിധിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ അഭിപ്രായപ്പെട്ടു. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റാണ് സുനില്‍ ഝാക്കര്‍. 2002ലും 2017ലും അദ്ദേഹം അബോഹര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു.

സുനില്‍ ഝാക്കറിനെ അഭിനന്ദിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ട്വിറ്ററിലൂടെ രംഗത്തുവന്നു. പഞ്ചാബ് സര്‍ക്കാറിന്റെ വികസന നയത്തിന്റെ വിജയമാണിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. സുനില്‍ ഝാക്കര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് അദ്ദേഹം പഞ്ചാബ് ജനതയ്ക്ക് ഉറപ്പു നല്‍കി.