| Wednesday, 19th December 2018, 2:44 pm

സുഖിച്ചുറങ്ങിയ ആസ്സാമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ ഞങ്ങള്‍ ഉണര്‍ത്തി; കാര്‍ഷിക കടങ്ങള്‍ എഴുതിയ തള്ളിയ നടപടിയില്‍ രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതിന് പിന്നാലെ ആസ്സാമിലും ഗുജറാത്തിലും കടങ്ങള്‍ എഴുതിത്തള്ളിയ മുഖ്യമന്ത്രിമാരുടെ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ആസ്സാമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ ഉണര്‍ത്തിയത് തങ്ങളാണെന്നും അവരുടെ ഗാഢനിദ്രയില്‍ നിന്നും ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചെന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്.

“”ആസ്സാമിലേയും ഗുജറാത്തിലേയും മുഖ്യമന്ത്രിമാരെ അവരുടെ ഗാഢനിദ്രയില്‍ നിന്നും ഞങ്ങള്‍ എഴുന്നേല്‍പ്പിച്ചു.. മോദി ഇപ്പോഴും ഉറക്കത്തില്‍ തന്നെയാണ് അദ്ദേഹത്തെ അങ്ങനെ സുഖിച്ചുറങ്ങാന്‍ വിടില്ല. അദ്ദേഹത്തേയും ഞങ്ങള്‍ ഉണര്‍ത്തിയിരിക്കും””- രാഹുല്‍ ഗാന്ധി പറഞ്ഞു.


തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടി, ആത്മപരിശോധന നടത്തുമെന്നും അമിത് ഷാ


ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 600 കോടി രൂപയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ആസ്സാമിലെ കര്ഷകരുടെ  600 കോടി രൂപയുടെ  കടങ്ങള്‍ എഴുതിത്തള്ളുമെന്നും പ്രസ്താവന വന്നു.

മധ്യപ്രദേശിലും ചത്തീസ്ഗഡിലും അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത്തരമൊരു നടപടിയുമായി മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയത്. ഇതിനെയായിരുന്നു രാഹുല്‍ ട്രോളിയത്.

മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഉത്തരവുകള്‍ രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ നാലു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ക്ക് നയാപൈസ പോലും നല്‍കാത്ത മോദി, രാജ്യത്തെ വലിയ മുതലാളിമാരുടെ കടങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു.

“”തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന്. അധികാരത്തിലേറി മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസ് ആ വാക്ക് പാലിക്കുകയും ചെയ്തു. എന്നാല്‍ മോദി കഴിഞ്ഞ നാല് വര്‍ഷമായി കര്‍ഷകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തില്ല. പക്ഷേ മോദിയെ വെറുതെ വിടുമെന്ന് കരുതേണ്ട. കര്‍ഷകരുടെ കടം എഴുതിത്തള്ളാതെ മോദിയെ സുഖിച്ചുറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു”” രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത്.

Latest Stories

We use cookies to give you the best possible experience. Learn more