ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബ നാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ ഒരു കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
1.5 കോടി ഉപയോക്താക്കളെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ‘ഗൃഹ ലക്ഷ്മി’ എന്ന ടൈറ്റിലിലാണ് പരിപാടി നടപ്പാക്കുന്നത്. ‘നാ നായികി’ എന്ന തക്കെട്ടില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി) പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാരായ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
എല്ലാ വീടുകള്‍ക്കും എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.