ന്യൂദല്‍ഹി: വാരിസ് ദേ പഞ്ചാബ് നേതാവ് അമൃത്പാല്‍ സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആറ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല. ആദ്യ തവണ അമൃത്പാല്‍ പൊലീസില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും 36 ദിവസം ഒളിവില്‍ കഴിഞ്ഞതിനെക്കുറിച്ചുമുള്ള സംശയങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
1. ഇന്ത്യാ വിരുദ്ധ പ്രചാരകനും ഭീകരവാദികളെ പിന്തുണക്കുന്നയാളുമായ അമൃത്പാല്‍ സിങ് ആദ്യ തവണ പൊലീസില്‍ നിന്നും എങ്ങനെയാണ് രക്ഷപ്പെട്ടത്?
2. ഇത്രയും നാള്‍ അമൃത്പാല്‍ എവിടെയാണ് ഒളിവില്‍ കഴിഞ്ഞത്?
3. ആരാണയാള്‍ക്ക് ഒളിത്താവളം ഒരുക്കി നല്‍കിയത്? എവിടെയൊക്കെയാണ് അയാള്‍ ഇക്കാലമത്രയും കഴിഞ്ഞത്, അവിടെ അയാളെ സഹായിച്ചവര്‍ക്കെല്ലാം ഇന്ത്യാ വിരുദ്ധമായ ആശയങ്ങളായിരുന്നിരിക്കില്ലേ ഉണ്ടായിരുന്നത്? അമൃത്പാലിന്റെ കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടാണ് എന്‍.ഐ.എയും, സി.ബി.ഐയും സംസ്ഥാന പൊലീസും വെളിപ്പെടുത്താത്തത്?
4. പാകിസ്ഥാനിലും മറ്റിടങ്ങളിലുമുള്ള ഏതൊക്കെ വിദേശ ശക്തികളാണ് അമൃത്പാലിനെ പിന്തുണക്കുന്നത്? എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്താത്തത്? എന്തു നടപടികളാണ് ഇതില്‍ സ്വീകരിച്ചത്?
5. ഇന്ത്യക്കകത്തും പുറത്തുമായി ആരൊക്കെയാണ് അമൃത്പാലിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായത്? എന്ത് നടപടികളാണ് അവര്‍ക്കെതിരെ എടുത്തത്?
6. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലെ ആരെങ്കിലുമായി അമൃത്പാലിന് ബന്ധങ്ങളുണ്ടോ?
മോദി ഗവണ്‍മെന്റിനോടും അമിത് ഷായോടും ചോദിക്കാനായി ഈ ചോദ്യങ്ങള്‍ താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിടുകയാണെന്നും സുര്‍ജേവാല പറഞ്ഞു. അതിനിടെ അമൃത്പാല്‍ കീഴടങ്ങിയതല്ല തങ്ങള്‍ അറസ്റ്റ് ചെയ്തതാണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു. നേരത്തെ പഞ്ചാബിലെ മോഗ പൊലീസ് മുമ്പാകെ അമൃത്പാല്‍ കീഴടങ്ങി എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അറസ്റ്റുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നും പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റ് ചെയ്ത അമൃത്പാലിനെ അസമിലെ ദിബ്രുഗാര്‍ഗിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട അമൃത്പാലിന്റെ എട്ട് അനുയായികളും ദിബ്രുഗാര്‍ഗിലാണുള്ളത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്.
അമൃത്പാല്‍ സിങ്ങും അനുയായികളും മാര്‍ച്ച് 18 മുതല്‍ ഒളിവിലായിരുന്നു. അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ അമൃത്പാലിനെതിരെയുണ്ട്. ഇവര്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അമൃത്പാലിന്റെ ഭാര്യ കിരണ്‍ദീപ് കൗറിനെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു. അമൃത്പാലിന്റെ സഹായിയായിരുന്ന പപല്‍പ്രീത് സിങ്ങിനെ അമൃത്‌സറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ അമൃത്പാല്‍ സിങ്ങ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് പാകിസ്ഥാനുമായും നേപ്പാളുമായുമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിനും സശസ്ത്ര സീമാ ബല്ലിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Congress with six questions on amritpal singh’s arrest