ബെംഗളൂരു: ബെംഗളൂരുവിലുടനീളം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുടെ ചിത്രവും ക്യൂ.ആര്‍ കോഡും ഉള്ള പോസ്റ്ററുകള്‍ പതിപ്പിച്ച് കോണ്‍ഗ്രസ്. യു.പി.ഐ ആപ്പായ പേ ടിഎമ്മിന്റെ ചിഹ്നത്തില്‍ മാറ്റം വരുത്തി ‘പേ സി.എം’ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ അഴിമതി സംസ്‌കാരത്തിനെതിരെ കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് നിലവിലെ പോസ്റ്റര്‍ എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ ’40 പേര്‍സെന്റ് സര്‍ക്കാര്‍’ എന്ന വെബ്‌സൈറ്റിലേക്കാവും എത്തുക. കോണ്‍ഗ്രസ് അടുത്തിടെ നിര്‍മിച്ച വെബസൈറ്റാണിത്.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് സമാന രീതിയില്‍ ബൊമ്മൈയെ നോട്ടമിട്ടുകൊണ്ടുള്ള ഏതാനും പോസ്റ്ററുകള്‍ ഹൈദരാബാദില്‍ കണ്ടെത്തിയിരുന്നു. കര്‍ണാടയും തെലങ്കാനയും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതികരണം.
’40 പേര്‍സെന്റ് കമീഷന്‍’ എന്ന ടാഗ്‌ലൈനും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ബൊമ്മൈ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ച് കോണ്‍ഗ്രസ് ദീര്‍ഘകാലമായി തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
അഴിമതി ആരോപണങ്ങളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു. അഴിമതിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും പ്രത്യേകമായി രൂപകല്‍പന ചെയ്ത വെബ്സൈറ്റ് (40percentsarkara.com) ഉപയോഗപ്പെടുത്താന്‍ കര്‍ണാടകയിലെ ജനങ്ങളോട് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും ബൊമ്മൈയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ 40 ശതമാനം സര്‍ക്കാര്‍ എന്നാണ് സിദ്ധരാമയ്യ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ വിശേഷിപ്പിച്ചത്.
അടുത്തിടെ അഴിമതിയെക്കുറിച്ച് സംവാദം നടത്താന്‍ ബൊമ്മൈയെ സിദ്ധരാമയ്യ വെല്ലുവിളിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു വെല്ലുവിളി. അഴിമതിയെക്കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സമയവും സ്ഥലവും നിങ്ങള്‍ തീരുമാനിക്കൂ, ഞങ്ങള്‍ വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
എന്നാല്‍ ഈ ബ്ലാക്ക്മെയിലിങ് വിദ്യ നടക്കില്ലെന്നായിരുന്നു ബൊമ്മൈയുടെ പ്രതികരണം.
Content Highlight: Congress with Pay CM banners; Congress strongly criticized BJP in Karnataka