ന്യൂദല്‍ഹി: കൊവിഡ് കാലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ സഹായങ്ങള്‍ എത്തിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വറന്റൈനില്‍ ആണെന്നുമുള്ള ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ പരാമര്‍ശത്തില്‍ 5 ചോദ്യങ്ങളുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല.
കൊവിഡ് പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്നും, പ്രതിപക്ഷ പാര്‍ട്ടികള്‍ ക്വറന്റൈനില്‍ ആണെന്നുമായിരുന്നു ജെ.പി നദ്ദയുടെ പരാമര്‍ശം.
ദയവായി രാജ്യത്തോട് പറയണമെന്ന് പറഞ്ഞു കൊണ്ടായിരുന്നു നദ്ദയോട് സുര്‍ജെവാലയുടെ ചോദ്യങ്ങള്‍. നിങ്ങള്‍ എത്ര ആശുപത്രികള്‍ സന്ദര്‍ശിച്ചു?, നിങ്ങള്‍ എത്ര നഗരങ്ങളില്‍ / സംസ്ഥാനങ്ങളില്‍ പോയി?, COVID19 പോരാളികള്‍ക്കും രോഗികള്‍ക്കുമായി എത്ര പി.പി.ഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ എന്നിവ നിങ്ങള്‍ നല്‍കി, ബി.ജെ.പി ഒരു ദേശീയ ഹെല്‍പ്പ്‌ലൈന്‍ നടത്തുന്നുണ്ടോ?, ബി.ജെ.പി എന്തെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി? എന്നിവയായിരുന്നു ചോദ്യങ്ങള്‍.
എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെ ബി.ജെ.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ലോകത്ത് കഴിഞ്ഞ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും അപകടകാരിയായ വൈറസാണ് കൊവിഡ് മഹാമാരിയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മന്‍കി ബാത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.
മഹാമാരിക്കിടയിലും രണ്ട് ചുഴലിക്കാറ്റുകളെ നേരിടാന്‍ രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘കൊവിഡ് രണ്ടാം തരംഗത്തിന്റെ അസാധാരണവുമായ അവസ്ഥയിലും ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ പ്രതിരോധത്തിനായി ധൈര്യം കാണിച്ചു. പ്രതിസന്ധിയുടെ ഈ സമയത്തും വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി അവര്‍ പെരുമാറി. അവരെ ഞാന്‍ അഭിനന്ദിക്കുന്നു,’ മോദി പറഞ്ഞു.
ചുഴലിക്കാറ്റില്‍ നഷ്ടം സംഭവിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സര്‍വശക്തിയും ഉപയോഗിച്ച് വെല്ലുവിളികള്‍ക്കെതിരെ പോരാടും. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെയും മോദി മന്‍കി ബാത്തില്‍ അഭിനന്ദിച്ചു. അതേസമയം രാജ്യത്തെ ഓക്‌സിജന്‍ ഉല്‍പ്പാദനം പത്തിരട്ടിയായി വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി
Content Highlights: Congress with 5 questions to JP Nadda who says BJP Workers in Covid relief work and Opposition in Quarantine