ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ മൂന്ന് സീറ്റില്‍ വിജയിച്ച് കോണ്‍ഗ്രസ്. രണ്‍ദീപ് സുര്‍ജെവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ജയറാം രമേശും ബി.ജെ.പിയുടെ നിര്‍മല സീതാരാമനും വിജയിച്ചു.
അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഐക്യം ബി.ജെ.പിക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു. വിജയം കോണ്‍ഗ്രസിന്റേതല്ല, ജനാധിപത്യത്തിന്റേതാണെന്ന് അദ്ദേഹം പറഞ്ഞു.
57 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍പെട്ട 41 സ്ഥാനാര്‍ഥികള്‍ ഇതിനകം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബാക്കി നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.
ഇതില്‍ നാല് സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്. രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നാലു സീറ്റുകളിലാണ് പോരാട്ടം നടക്കുന്നത്.