| Monday, 17th October 2022, 12:55 pm

ആര്‍.എസ്.എസ് ആസ്ഥാനത്തെ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം; നിലംതൊടാതെ ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ പഞ്ചായത്ത് സമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിലംതൊടാതെ ബി.ജെ.പി. നാഗ്പൂര്‍ ജില്ലയിലെ 13 പഞ്ചായത്തുകളിലെ പഞ്ചായത്ത് സമിതി ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങളിലേക്ക് നടന്ന് തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.

13 പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും മൂന്നിടത്ത് എന്‍.സി.പിയും ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടി. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല.

അതേസമയം, ബി.ജെ.പിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ബാലാസാഹെബാംചി ശിവസേനക്ക് രാംടെക് പഞ്ചായത്തില്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചു. ആശ്വാസമെന്നോണം 13ല്‍ മൂന്ന് പഞ്ചായത്തുകളിലെ വൈസ് ചെയര്‍പേഴ്‌സണ്‍ പദവി ബി.ജെ.പിക്ക് ലഭിച്ചു.

സയോനെര്‍, കല്‍മേശ്വര്‍, പര്‍സിയോനി, മൗദ, കംപ്റ്റീ, ഉംറെദ്, ഭിവാപൂര്‍, കുഹി, നാഗ്പൂര്‍ റൂറല്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം നേടിയത്. കടോല്‍, നാര്‍ഖെഡ്, ഹിങ്ഗ്‌ന, എന്നീ സീറ്റുകളിലാണ് എന്‍.സി.പി വിജയിച്ചത്.

ആര്‍.എസ്.എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവങ്കുലെ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുടെ തട്ടകം കൂടിയാണ്.

‘ആര്‍.എസ്.എസിന്റെ ദേശീയ കാര്യാലയം നില്‍ക്കുന്ന സ്ഥലത്ത് ബി.ജെ.പിക്ക് സംഭവിച്ച സമ്പൂര്‍ണ പരാജയം ബി.ജെ.പിക്ക് ജില്ലയിലെ ഗ്രാമീണ മേഖലയില്‍ ശക്തിയില്ല എന്നു തെളിയിക്കുന്നു,’ എന്നാണ് മുന്‍ മന്ത്രിയും കോണ്ഗ്രസ് നേതാവുമായ രാജേന്ദ്ര മുലക് തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് പ്രതികരിച്ചത്.

അതേസമയം, ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റിനേയും അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടന്നിരുന്നു. തിങ്കളാഴ്ച അതിന്റെ ഫലം പ്രഖ്യാപിക്കും. ഒപ്പം ജില്ലാ പരിഷത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പും, വോട്ടെണ്ണലും തിങ്കളാഴ്ച നടക്കും.

Content Highlight: Congress wins Nagpur panchayat polls

We use cookies to give you the best possible experience. Learn more