ബെംഗളുരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന ഉപതെരഞ്ഞെടുപ്പിലും വോട്ടര്‍ ഐ.ഡി വിവാദത്തെ തുടര്‍ന്ന് വോട്ടെടുപ്പു നീട്ടിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലെ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി. ബെംഗളൂരു ആര്‍.ആര്‍ നഗര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 41162 വോട്ടോടെ ഉജ്ജ്വല വിജയം നേടിയത്. ബി.ജെ.പിയുടെ തുളസി മുനിരാജു ഗൗഡ രണ്ടാം സ്ഥാനത്താണ്.
ഉത്തര്‍പ്രദേശിലെ നൂര്‍പുര്‍ ഉള്‍പ്പെടെ മൂന്നു സിറ്റിങ് സീറ്റുകള്‍ ബി.ജെ.പി സഖ്യത്തിനു നഷ്ടമായി. അകാലിദള്‍ബിജെപി സഖ്യം മല്‍സരിച്ച പഞ്ചാബിലെ ഷാകോട്ട്, ജെ.ഡി.യു – ബി.ജെ.പി സഖ്യം മല്‍സരിച്ച ബിഹാറിലെ ജോകിഹാത്ത് എന്നിവയാണ് കൈവിട്ട മറ്റു സിറ്റിങ് സീറ്റുകള്‍.
ജാര്‍ഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു മണ്ഡലങ്ങളും ജെ.എം.എം നിലനിര്‍ത്തി. മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവ്, മേഘാലയയിലെ അംപതി എന്നീ സിറ്റിങ് സീറ്റുകള്‍ കോണ്‍ഗ്രസും ബംഗാളിലെ മഹേഷ്ടല സിറ്റിങ് സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസും ഉത്തരാഖണ്ഡിലെ തരാളി സിറ്റിങ് സീറ്റ് ബി.ജെ.പിയും നിലനിര്‍ത്തി.
ഉത്തര്‍പ്രദേശിലെ നൂര്‍പുര്‍ മണ്ഡലത്തില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി നയീമുല്‍ ഹസന്‍ 6211 വോട്ടുകള്‍ക്കു ജയിച്ചു. ബി.ജെ.പി എംഎല്‍എ ആയിരുന്ന ലോകേന്ദ്ര സിങ് ചൗഹാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ലോകേന്ദ്ര സിങ്ങിന്റെ ഭാര്യ ആവണി സിങ്ങാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി.
മേഘാലയയിലെ അംപതിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷീര വിജയിച്ചു. എന്‍.പി.പിയുടെ ക്ലെമന്റ് ജി. മോമിന്‍ രണ്ടാം സ്ഥാനത്ത്. മേഘാലയയിലെ പ്രതിപക്ഷ നേതാവ് മുകുള്‍ സാങ്മയുടെ മകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തു മല്‍സരിച്ച സാങ്മ സോങ്‌സാക് മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് അംപതിയില്‍ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. ഇതോടെ 21 സീറ്റോടെ സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി പിന്തുണക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 സീറ്റാണുള്ളത്.
പഞ്ചാബിലെ ഷാകോടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹര്‍ദേവ് സിങ് ലാഡ്ഡി ഷെരോവാലിയ 38,802 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അകാലിദള്‍ ശക്തികേന്ദ്രമായ ഇവിടെ അകാലിദളിന്റെ നയ്ബ് സിങ് കോഹറിനെ വീഴ്ത്തിയാണ് കോണ്‍ഗ്രസ് സീറ്റ് പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ പാലുസ് കഡേഗാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിശ്വജീത് പതങ്‌റാവു തിരഞ്ഞെടുക്കപ്പെട്ടു.
ജാര്‍ഖണ്ഡ് ഗോമിയയില്‍ മുക്തിമോര്‍ച്ചയുടെ ബബിതാ ദേവി 1,344 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഒരു ഘട്ടത്തില്‍ മുന്നില്‍ കയറിയ ബി.ജെ.പിയുടെ മാധവ് ലാല്‍സിങ്ങിനെ പിന്തള്ളിയാണ് ബബിതാ ദേവി ജെ.എം.എമ്മിനായി ഗോമിയ സീറ്റ് നിലനിര്‍ത്തിയത്.
ഉത്തരാഖണ്ഡിലെ പട്ടികജാതി സംവരണ മണ്ഡലമായ തരാളിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി മുന്നി ദേവി ഷാ 1,900 വോട്ടുകള്‍ക്കു ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജീത് റാം രണ്ടാമതാണ്. ബി.ജെ.പി എം.എല്‍.എ മഗന്‍ലാല്‍ ഷായുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
ബിഹാറിലെ ജോകിഹാത്ത് മണ്ഡലത്തില്‍ ആര്‍.ജെ.ഡി സ്ഥാനാര്‍ഥി ഷാനവാസ് ആലം 38,000ല്‍പ്പരം വോട്ടുകള്‍ക്കു വിജയിച്ചു. ജെ.ഡി.യുവിന്റെ മുര്‍ഷിദ് ആലത്തെ പിന്നിലാക്കിയാണ് ഷാനവാസ് ജയിച്ചുകയറിയത്. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും തമ്മിലുള്ള ശക്തിപരീക്ഷണമായി കണക്കാക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. 2015ല്‍ ജെ.ഡി.യു ടിക്കറ്റില്‍ ഇവിടെ വിജയിച്ച സര്‍ഫറാസ് ആലം, ആര്‍.ജെ.ഡിയിലേക്കു കൂടുമാറി അരാരിയ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ബംഗാളിലെ മഹേഷ്ടലയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുചിത് കുമാര്‍ ഘോഷായെ തകര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദുലാല്‍ ചന്ദ്രദാസ് 62,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി.പി.ഐ.എമ്മിന്റെ പ്രവത് ചൗധരി മൂന്നാം സ്ഥാനത്തായി. തൃണമൂല്‍ എം.എല്‍.എ കസ്തൂരി ദാസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു വര്‍ഷം അകലെ നില്‍ക്കെ, നാലു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ചെങ്ങന്നൂര്‍ ഉള്‍പ്പെടെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണലാണ് പൂര്‍ത്തിയായത്.