ബെംഗളൂരു: കര്‍ണാടക എം.എല്‍.സി (ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം) ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പുട്ടണ്ണ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
സംസ്ഥാനത്തെ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ എ.പി. രംഗനാഥിനെ പരാജയപ്പെടുത്തിയാണ് അഞ്ചാം തവണയും പുട്ടണ്ണ എം.എല്‍.എയാവുന്നത്. പുട്ടണ്ണ മൂന്ന് തവണ ജെ.ഡി.എസ് ടിക്കറ്റില്‍ നിന്നും ഒരു തവണ ബി.ജെ.പി ടിക്കറ്റില്‍ നിന്നും എം.എല്‍.എ സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സീറ്റ് പങ്കിടലിന്റെ ഭാഗമായി ബി.ജെ.പി ജെ.ഡി.എസിന് കൈമാറിയ സീറ്റിലെ വിജയം പ്രതിപക്ഷ സംഘടനകളുടെ മുന്നണിയായ ഇന്ത്യാ സഖ്യത്തിന് ആവേശമായി മാറിയെന്ന് വിജയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ വോട്ടര്‍മാര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
പുട്ടണ്ണയുടെ വിജയം ഒരു തുടക്കം മാത്രമാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്കിടയിലെ മാനസികാവസ്ഥയാണ് ഫലം സൂചിപ്പിക്കുന്നതെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
2023 മെയ് 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നതിനായി 2023 മാര്‍ച്ച് 16ന് പുട്ടണ്ണ ബി.ജെ.പിയുടെ എം.എല്‍.സി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജാജിനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പി നേതാവ് സുരേഷ് കുമാറിനോട് പുട്ടണ്ണ പരാജയപ്പെടുകയും ചെയ്തിരുന്നു.
Content Highlight: Congress wins Karnataka MLC by-elections