ബംഗലൂരു: വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. സീ- ഫോര്‍ സര്‍വേയിലാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിന് സീറ്റ് നിലയിലും വോട്ടുവിഹിതത്തിലും വര്‍ധവനവുണ്ടാകുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. മാര്‍ച്ച് 1 മുതല്‍ 25 വരെ 154 നിയമസഭാ മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
കോണ്‍ഗ്രസിന് 46 ശതമാനവും 126 സീറ്റുമാണ് സര്‍വേ ഫലം പ്രവചിക്കുന്നത്. ബി.ജെ.പി 31 ശതമാനം വോട്ട് വിഹിതം നേടി 70 സീറ്റുകളില്‍ വിജയിക്കും. ജനതാദള്‍ എസിന് 16 ശതമാനം വോട്ടും ലഭിക്കും.
കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ റിപ്പോര്‍ട്ട്. 2013 ല്‍ 40 സീറ്റായിരുന്നു ബി.ജെ.പിക്ക് ലഭിച്ചിരുന്നത്.
സര്‍വേയില്‍ പങ്കെടുത്ത പുരുഷന്‍മാരില്‍ 44 ശതമാനവും സ്ത്രീകളില്‍ 48 ശതമാനവും കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരിക്കുന്നത്. ബി.ജെ.പിക്ക് 33 ശതമാനം പുരുഷന്‍മാരും 29 ശതമാനം സ്ത്രീകളും വോട്ട് ചെയ്യുമെന്നാണ് സീ-ഫോര്‍ സര്‍വേ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിലെ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെയാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. 46 ശതമാനം ആളുകളും സിദ്ധരാമയ്യ വീണ്ടും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. യെദ്യൂരപ്പയെ 26 ശതമാനം ആളുകള്‍ മാത്രമാണ് പിന്തുണയ്ക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത ബി.പി.എല്‍ പട്ടികയിലുള്ള 65 ശതമാനം ആളുകളും കോണ്‍ഗ്രസ് ഭരണത്തില്‍ തൃപ്തരാണ്. 64 ശതമാനം കര്‍ഷകരും, ദളിതരില്‍ 74 ശതമാനവും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു.
ബംഗലൂരുവിലെ 28 മണ്ഡലങ്ങളില്‍ 19 ഇടത്തും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബി.ജെ.പിയുടെ സര്‍വേ ഫലത്തിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം.
224 അംഗ നിയമസഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കോയ്മ ഉണ്ടെന്നായിരുന്നു ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേയെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പിന് ആറാഴ്ച മാത്രം അവശേഷിക്കെയാണ് ബി.ജെ.പിയുടെ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് കൃത്യമായി ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാന്‍ മോദിയെ “ബ്രാന്‍ഡ്” ചെയ്ത് പ്രചാരണം തുടരണമെന്നുമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം. മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവമതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനവും സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമായി തീരുമാനിച്ചതുമെല്ലാം ഹിന്ദു വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് ബി.ജെ.പിയുടെ നിരീക്ഷണം. ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാന്‍ സമുദായ നേതാക്കളെ നേരിട്ട് കാണാന്‍ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം.