ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കമെന്നും അവര്‍ക്കാണ് ജയസാധ്യതയെന്നും ബി.ജെ.പിയുടെ സര്‍വേ. 224 അംഗ നിയമസഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കോയ്മ ഉണ്ടെന്നാണ് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേ സൂചിപ്പിക്കുന്നതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിന് ആറാഴ്ച മാത്രം അവശേഷിക്കെയാണ് ബി.ജെ.പിയുടെ സര്‍വ്വേ ഫലം പുറത്തുവന്നിരിക്കുന്നത്. കോണ്‍ഗ്രസ് കൃത്യമായി ഹിന്ദുത്വ കാര്‍ഡ് ഇറക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാന്‍ മോദിയെ “ബ്രാന്‍ഡ്” ചെയ്ത് പ്രചാരണം തുടരണമെന്നുമാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ ആവശ്യം. മോദിയെ പങ്കെടുപ്പിച്ച് കൂടുതല്‍ റാലി നടത്താനാണ് പാര്‍ട്ടി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ആരോപണവിധേയനായ ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവമതിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത് വോട്ടര്‍മാര്‍ വേണ്ടത്ര സ്വീകരിച്ചിട്ടില്ലെന്നും കണ്ടെത്തലുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രസന്ദര്‍ശനവും സിദ്ധരാമയ്യ ലിംഗായത്തുകളെ പ്രത്യേക മതമായി തീരുമാനിച്ചതുമെല്ലാം ഹിന്ദു വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയെന്നാണ് ബി.ജെ.പിയുടെ നിരീക്ഷണം. ലിംഗായത്തുകളെ പ്രത്യേക മതമാക്കി വിഷയം കേന്ദ്രത്തിന് വിട്ടത് മറികടക്കാന്‍ സമുദായ നേതാക്കളെ നേരിട്ട് കാണാന്‍ അമിത് ഷായുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന ഘടകം.
കര്‍ണാടകയിലെ ജനസംഖ്യയില്‍ 17 ശതമാനവും ലിംഗായത്തുകളാണ്. 14 ശതമാനം വൊക്കലിഗകളുമാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണ്ണാടകയിലെ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കിയതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
നാഗമോഹന്‍ദാസ് കമ്മിറ്റി റിപ്പോര്‍ട്ട് കര്‍ണ്ണാടക മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി ലഭിച്ചിരിക്കുന്നത്. ലിംഗായത്ത് വിഭാഗത്തിന്റെ ഏറെക്കാലത്തെ ആവശ്യമാണ് ഇതുവഴി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.
ബി.എസ് യെദ്യൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രത്യേക പദവിയ്ക്കായുള്ള ലിംഗായത്ത് സമുദായത്തിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയിരുന്നു.
വടക്കന്‍ കര്‍ണ്ണാടകയിലെ സ്വാധീനമുള്ള സമുദായമാണ് വീരശൈവ ലിംഗായത്തുകള്‍. ഭരണം നിലനിര്‍ത്താന്‍ ലിംഗായത്ത് വിഭാഗം പോലുള്ള ന്യൂനപക്ഷങ്ങളെ നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ ആവശ്യമായിരുന്നു. അതുപോലെത്തന്നെ ഭരണം തിരിച്ചുപിടിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ക്കിടയിലാണ് സിദ്ധരാമയ്യ സര്‍ക്കാരിന്റെ തീരുമാനം.