തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിച്ച 16 മണ്ഡലങ്ങളില്‍ 12ലും വിജയം അനായാസമെന്ന് കെ.പി.സി.സി യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് നാല് മണ്ഡലങ്ങളില്‍ കനത്ത മത്സരമാണ് നടന്നതെന്നും യോഗത്തിൽ വിലയിരുത്തി.
ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് മത്സരം കനത്തതെന്ന് യോഗത്തില്‍ പറഞ്ഞു. തൃശൂരില്‍ കെ. മുരളീധരന് വിജയം ഉറപ്പാണെന്നും യോഗത്തിൽ നിരീക്ഷിച്ചു.
കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും അനായാസം വിജയിക്കും. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളില്‍ കനത്ത മത്സരമാണ് നടന്നത്. എങ്കിലും നേരിയ ഭൂരിപക്ഷത്തിലെങ്കിലും ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണ്. ബാക്കിയുള്ള 12 മണ്ഡലങ്ങളിലും വിജയം അനായാസമാണെന്നും നേതാക്കൾ പറഞ്ഞു.
തൃശൂരിലും വിജയം ഉറപ്പാണ്. 20,000 മുതല്‍ 30,000 വരെ ഭൂരിപക്ഷത്തില്‍ തൃശൂരില്‍ വിജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നാട്ടിക, പുതുക്കാട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍കുമാറിന് ലീഡ് ലഭിക്കുമെന്നും ബാക്കി അഞ്ച് മണ്ഡലങ്ങളിലും പാര്‍ട്ടി തന്നെ വിജയിക്കുമെന്നുമാണ് വിലയിരുത്തതല്‍.
സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളത് തൃശൂര്‍ മണ്ഡലത്തില്‍ മാത്രമാണെന്നും ബാക്കിയുള്ള എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും യോഗത്തില്‍ നേതാക്കൾ പറഞ്ഞു.
തൃശൂരില്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ യു.ഡി.എഫിന് ലഭിച്ചെന്നും വിലയിരുത്തലുണ്ടായി. ആറ്റിങ്ങലില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ ലഭിച്ചെന്നും, കണ്ണൂരില്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക് പരിഹരിക്കാന്‍ സാധിച്ചെന്നും യോഗത്തില്‍ നേതാക്കള്‍ അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സി.പി.ഐ.എമ്മിന്റെ അവകാശവാദം പാര്‍ട്ടി പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തു. അതൊരു നിശബ്ദ തരംഗമായിരുന്നെന്നും ഇത് 16 സീറ്റിലും പ്രതിഫലിക്കുമെന്നും യോഗത്തില്‍ വിലയിരുത്തി.
Content Highlight: Congress will win all 16 contested constituencies; KPCC