| Wednesday, 6th June 2018, 5:50 pm

'കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പത്തു ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളും': മന്‍സോര്‍ കര്‍ഷകറാലിയില്‍ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മന്‍സോര്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പത്തു ദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പിപ്ലിയാ മണ്ഡിയില്‍ കര്‍ഷകറാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

മന്‍സോര്‍ വെടിവയ്പ്പിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ നടന്ന അനുസ്മരണസമ്മേളനത്തില്‍ സംബന്ധിച്ച അദ്ദേഹം, വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആറു കര്‍ഷകര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു. കാര്‍ഷികവിളകള്‍ക്ക് മെച്ചപ്പെട്ട വില നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ സംസ്ഥാനവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധപരിപാടികള്‍ നടത്തിവന്നിരുന്നു.

കൊല്ലപ്പെട്ട ആറു കര്‍ഷകരില്‍ മൂന്നുപേരുടെ കുടുംബങ്ങള്‍ രാഹുല്‍ ഗാന്ധിയോടൊപ്പം വേദി പങ്കിട്ടു. റാലിയില്‍ പങ്കെടുക്കാതിരിക്കാന്‍ ഇവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്ന് പരാതിയുണ്ട്.

ALSO READ:  ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികം: സുവര്‍ണക്ഷേത്രത്തില്‍ സംഘര്‍ഷം

“മന്‍സോര്‍ പൊലീസ് വെടിവയ്പ്പിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞെങ്കിലും അന്വേഷണം ശരിയായ രീതിയില്‍ നടന്നിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഇന്നും നീതിയ്ക്കായി കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സ് അധികാരത്തില്‍ വന്നാല്‍ പത്തു ദിവസത്തിനകം കാര്‍ഷികകടങ്ങളെല്ലാം എഴുതിത്തള്ളും. ഞങ്ങളുടെ പ്രാഥമിക കര്‍ത്തവ്യം ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ്.” രാഹുല്‍ കര്‍ഷകരോടു പറഞ്ഞു.

തൊഴില്‍സുരക്ഷ വാഗ്ദാനം ചെയ്ത നരേന്ദ്രമോദി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും കള്ളംപറയുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് കപടവാഗ്ദാനങ്ങള്‍ നല്‍കില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. “പത്തു വര്‍ഷത്തിനുള്ളില്‍ മന്‍സോറിലെ വെളുത്തുള്ളികള്‍ ചൈനയില്‍വരെ എത്തും. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നമ്മളിവിടെ വീണ്ടും ഒത്തുകൂടുമ്പോള്‍ നമ്മുടെ മൊബൈല്‍ ഫോണുകളില്‍ “മെയ്ഡ് ഇന്‍ മന്‍സോറെ”ന്ന് കാണണമെന്നാണ് എന്റെയാഗ്രഹം.

നരേന്ദ്രമോദിക്കോ ശിവരാജ് സിംഗിനോ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. എന്നാല്‍, കമല്‍നാഥിനും സിന്ധ്യയ്ക്കും സാധിച്ചേക്കും.” അദ്ദേഹം സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ALSO READ:  ത്രിപുരയില്‍ ബി.ജെ.പി-ഐ.പി.എഫ്.ടി സംഘര്‍ഷം; ഏഴ് ഐ.പി.എഫ്.ടി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

രാഹുല്‍ ഗാന്ധി റാലിയില്‍ പങ്കെടുത്തത് കോണ്‍ഗ്രസ്സിന്റെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു പ്രചരണം ആരംഭിക്കുന്നതിന്റെ ഭാഗമായാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. സംസ്ഥാനത്തെ ഭരണം 15 വര്‍ഷത്തിനുശേഷം ബി.ജെ.പിയില്‍ നിന്നും തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം.

മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. മധ്യപ്രദേശ് പി.സി.സി. അധ്യക്ഷന്‍ കമല്‍ നാഥ്, പ്രചരണ കമ്മറ്റി തലവന്‍ ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more