| Friday, 20th March 2020, 11:22 am

കോണ്‍ഗ്രസ് തന്ത്രം പയറ്റുമെന്ന് ഉറപ്പിച്ച് ശര്‍മ്മ; 'ഞങ്ങളുടെ പക്കല്‍ ഫോര്‍മുല 5 ഉണ്ട്'; ബി.ജെ.പിയുടെത് ആനക്കച്ചവടം, വെളിപ്പെടുത്തല്‍ ഉടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും പ്രതീക്ഷ കൈവിടാതെ മന്ത്രി പി.സി ശര്‍മ്മ. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്നും തങ്ങളുടെ പക്കല്‍ ഫോര്‍മുല 5 ഉണ്ടെന്നും ശര്‍മ്മ പറഞ്ഞു.

‘ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത് കുതിരക്കച്ചവടമല്ല, ആനക്കച്ചവടമാണ്. എന്തുതന്നെ സംഭവിച്ചാലും സഭയില്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാനാവും. ഞങ്ങളുടെ പക്കല്‍ ഫോര്‍മുല 5 ഉണ്ട്. വെളിപ്പെടുത്തലുകള്‍ 12 മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടാവും. 16 എം.എല്‍.എമാരെ ബി.ജെ.പി എങ്ങനെയാണ് തട്ടിയെടുത്തതെന്നും അപ്പോള്‍ മനസിലാവും’, ശര്‍മ്മ പറഞ്ഞു.

പോഹരി എം.എല്‍.എ സുരേഷ് ധാക്കഡിന്റെ മകള്‍ ശിവപുരിയില്‍വെച്ച് എന്തിനാണ് ആത്മഹത്യ ചെയ്തതെന്നും വെളിപ്പെടുത്തുമെന്ന് ശര്‍മ്മ വ്യക്തമാക്കി. കുര്‍വാരി എം.എല്‍.എയ്ക്ക് തന്റെ അടുത്ത ബന്ധു മരിച്ചപ്പോള്‍പോലും അവിടെ പോകാന്‍ കഴിഞ്ഞില്ല. ഇതെല്ലാം അധികാര ദാഹികളുടെ ത്വരകൊണ്ട് സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കമല്‍നാഥ് സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പ്രതികരിച്ചു. 22 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പണവും പവറും ഉപയോഗിച്ച് ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരാക്കി മാറ്റുന്നത് ഇങ്ങനെയാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു.

അതേസമയം വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കമല്‍നാഥ് രാജിവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. 22 എം.എല്‍.എമാരുടെ രാജി സ്വീകരിച്ചുകഴിഞ്ഞതിലൂടെ വിശ്വാസ വോട്ടെടുപ്പിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കാത്തുനില്‍ക്കില്ലെന്നാണ് അറിയുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി രാജി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more