ന്യൂദല്‍ഹി: അയോധ്യയില്‍ ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് കോണ്‍ഗ്രസ് പങ്കെടുക്കില്ല. ചടങ്ങിനുള്ള ക്ഷണം സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അധിര്‍ രഞ്ജന്‍ ചൗധരിയും നിരസിച്ചു.
ഉചിതമായ സമയത്ത് കൃത്യമായ നിലപാട് സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
ആര്‍.എസ്.എസും ബി.ജെ.പിയും ചേര്‍ന്ന് മതത്തെ രാഷ്ട്രീയ വത്കരിക്കുകയാണെന്നും പരിപാടി നടത്തുന്നത് തെരഞ്ഞെടുപ്പ് മാത്രം മുമ്പില്‍ കണ്ടാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
വിഷയത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കാത്തതില്‍ ഇന്ത്യ മുന്നണിയിലും വിമര്‍ശനം ശക്തമായിരുന്നു. മുന്നണിയിലെ പ്രധാന പാര്‍ട്ടികളെല്ലാം തന്നെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലാലു പ്രസാദ് യാദവ്, നിതീഷ് കുമാര്‍, മമതാ ബാനര്‍ജി, സീതാറാം യെച്ചൂരി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരടക്കമുള്ള നേതാക്കള്‍ നിലപാട് വ്യക്തമാക്കിയപ്പോഴും കോണ്‍ഗ്രസിന്റെ മൗനം അണികളില്‍ പോലും ഭിന്നത സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ നേതൃത്വം ഉദ്ഘാടനത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടിലേക്കെത്തിയത്.
അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും സംഘപരിവാര്‍ അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കിയെന്നും കോണ്‍ഗ്രസ് പറയുന്നു.
‘അയോധ്യ പ്രതിഷ്ഠാ ചടങ്ങ് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പരിപാടിയാണ്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. ആര്‍.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പദ്ധതിയാക്കി.
നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പുള്ള ഉദ്ഘാടനം തെരഞ്ഞെടുപ്പ് നേട്ടത്തിനാണ്. അയോധ്യയിലെ സുപ്രീം കോടതി വിധി മാനിച്ചും രാമഭക്തരുടെ വികാരം മാനിച്ചുമാണ് ഈ തീരുമാനം,’ കോണ്‍ഗ്രസ് പറഞ്ഞു.
ദിഗ്‌വിജയ് സിങ്ങാണ് അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത്. സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കില്‍ അവര്‍ നിര്‍ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങില്‍ പങ്കെടുക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
പിന്നീട് കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതോടെ ഇന്ത്യ സഖ്യത്തിലുള്‍പ്പെടെ സമ്മര്‍ദം ശക്തമായിരുന്നു.
അതിനിടെ വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമര്‍ശവുമായി ദിഗ് വിജയ്‌സിങ് വീണ്ടും രംഗത്തെത്തിയിരുന്നു. ശ്രീരാമന്‍ ഹൃദയത്തിലുണ്ടെന്നും എന്നാല്‍ വിശ്വാസം മനസിലുള്ള ആര്‍ക്കും ചടങ്ങില്‍ പങ്കെടുക്കാമെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. പഴയവിഗ്രഹം എന്ത് കൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വിഗ്രഹം എന്തുകൊണ്ടാണെന്നും ചോദിച്ച അദ്ദേഹം ചടങ്ങ് രാഷ്ട്രീവത്കരിക്കുകയാണെന്നും പറഞ്ഞു.
Content highlight: Congress will not participate in the inauguration of the Ram Temple