പ്രചാരണത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കാനാകില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനഗോലുവിന്റെ സേവനമുണ്ടാകില്ല
national news
പ്രചാരണത്തില്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കാനാകില്ല; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനഗോലുവിന്റെ സേവനമുണ്ടാകില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th January 2024, 9:34 am

ന്യൂദല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ആസൂത്രകന്‍ സുനില്‍ കനഗോലു ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രൂപീകരിച്ച ദൗത്യ സംഘത്തില്‍ നിന്ന് കനഗോലു പിന്‍മാറി. വിവിധ സംസ്ഥാനങ്ങളില്‍ പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെയാണ് കനഗോലു ഒഴിഞ്ഞത് എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സംഖ്യത്തിന്റെ ഭാഗമായുള്ള വിവിധ പാര്‍ട്ടികളുമായി സഹകരിച്ചായിരിക്കും കോണ്‍ഗ്രസ് മത്സരിക്കുക. അതിനാല്‍ തന്നെ അത്തരം സംസ്ഥാനങ്ങളില്‍ പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നതില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം വരാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകളില്‍ കനഗോലുവിന്റെ സേവനം കോണ്‍ഗ്രസിന് ലഭിക്കും. നിലവില്‍ അദ്ദേഹത്തിന്റെ ടീമില്‍ നിന്നുള്ളവര്‍ ഈ രണ്ട് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ച തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളില്‍ കനഗോലുവിന്റെ സേവനം കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. എന്നാല്‍ കമല്‍നാഥിന്റെയും അശോഖ് ഗെഹ്ലോട്ടിന്റെയും അതൃപ്തി കാരണം മധ്യപ്രദേശിലും രാജസ്ഥാനിലും കനഗോലുവിന്റെ സേവനമുണ്ടായിരുന്നില്ല. ഈ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയും ചെയ്തിരുന്നു.

നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേഷ്ടാവ് കൂടിയാണ് കനഗോലു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോറിനെയും കോണ്‍ഗ്രസ് സമീപിച്ചിരുന്നെങ്കിലും അദ്ദേഹവും തയ്യാറായിട്ടില്ല.

CONTENT HIGHLIGHTS: Complete freedom in propaganda cannot be given; Congress will not have Kanagolu’s services in the Lok Sabha elections