കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ വിഷയത്തില്‍ ക്രിമിനല്‍ അന്വേഷണം; രാഹുല്‍ ഗാന്ധി
national news
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ വിഷയത്തില്‍ ക്രിമിനല്‍ അന്വേഷണം; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th January 2019, 1:54 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് ക്രിമിനല്‍ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍.

തന്നെ അധിക്ഷേപിക്കുന്നതിന് പകരം അരുണ്‍ ജെയ്റ്റ്‌ലി റഫാലിനെക്കുറിച്ച് താന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി തരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

നേരത്തെ റഫാല്‍ വിഷയത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയും രാഹുല്‍ ഗാന്ധിയും രൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കരാറിനെ കുറിച്ച് മുഖാമുഖം ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Also Read മുതിര്‍ന്ന എ.എ.പി നേതാവ് എച്ച് എസ് ഫൂല്‍ക്ക പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ റഫാല്‍ കരാറിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്‍റേയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയും  ചോദ്യങ്ങള്‍ക്ക് മറുപടി തരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഫ്രാന്‍സിലെ ദസ്സാള്‍ട്ട് കമ്പനി അനില്‍ അംബാനിയുമായിയുടെ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതെന്ന് അവരുടെ ഇ-മെയ്‌ല്‍ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നതായും  രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തെറ്റാണെന്നും, സുപ്രീം കോടതിയെയും ജനങ്ങളേയും കേന്ദ്രം തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് റഫാല്‍ കരാറിനെക്കുറിച്ച് അടിന്തരമായി സംയുക്ത പാര്‍ലമെന്ററി അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read നരേന്ദ്ര മോദി പഞ്ചാബില്‍; പാര്‍ലമെന്റില്‍ നിന്നും റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടിയതെന്ന് രാഹുല്‍ ഗാന്ധി

പാര്‍ലമെന്റ് ചര്‍ച്ചയില്‍ പങ്കെടുക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ പരീക്ഷയില്‍ നിന്നും ഒളിച്ചോടുകയാണെന്നും നേരത്തെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

റഫാല്‍ കരാറിനെ സംബന്ധിച്ച് പ്രധാനമന്ത്രി ഉത്തരം നല്‍കേണ്ട നാലു ചോദ്യങ്ങളും രാഹുല്‍ ഗാന്ധി ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്തു കൊണ്ട് ആദ്യ കരാര്‍ പ്രകാരമുള്ള 126 യുദ്ധവിമാനങ്ങള്‍ക്കു പകരം 36 യുദ്ധവിമാനങ്ങള്‍ വാങ്ങാമെന്ന് തീരുമാനിച്ചു, എന്തിനാണ് റഫാല്‍ ഇടപാടിനെ കുറിച്ചുള്ള രേഖകള്‍ മനോഹര്‍ പരീക്കര്‍ തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്?, വിമാനങ്ങള്‍ക്ക് 560 കോടിക്ക് പകരം 1,600 കോടി നല്‍കുന്നതെന്തിന്, എച്ച്.എ.എലിന് പകരം അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്തിയതെന്തിന്? എന്നിങ്ങനെ നാല് ചോദ്യങ്ങള്‍ക്കാണ് രാഹുല്‍ ഗാന്ധി മറുപടി ആവശ്യപ്പെട്ടത്.