ന്യൂദല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. എന്‍.സി.പി പിളര്‍ന്ന മഹാരാഷ്ട്രയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായാണ് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂദല്‍ഹി: 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. എന്‍.സി.പി പിളര്‍ന്ന മഹാരാഷ്ട്രയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് ആരംഭിച്ചതായാണ് എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാക്കള്‍ എ.ഐ.സി.സി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെ കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിനെയും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും നേരിടുന്നതിനായി മൂന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതായായാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചയില്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായി കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ മണ്ഡലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ മുതിര്‍ന്ന നേതാക്കളും തങ്ങളുടെ മണ്ഡലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കും. ഏതെങ്കിലും മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ മാസം മുതല്‍ സംസ്ഥാനത്ത് പദയാത്ര നടത്തും. ഡിസംബറില്‍ എല്ലാ നേതാക്കളും ചേര്‍ന്ന് ബസ് യാത്ര നടത്തി എല്ലാ മണ്ഡലങ്ങളും സന്ദര്‍ശിക്കും,’ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഉറച്ച വിശ്വാസമുണ്ടെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
‘നാല് മണിക്കൂര്‍ ഞങ്ങള്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതില്‍ എല്ലാ നേതാക്കള്‍ക്കും ഉറച്ച വിശ്വാസമുണ്ട്. മഹാരാഷ്ട്രയിലെ ഭാരത് യാത്രയെ കുറിച്ച് യോഗത്തില്‍ രാഹുല്‍ ഗാന്ധി സംസാരിച്ചു. അവിടെ അദ്ദേഹത്തിന് മികച്ച വരവേല്‍പ്പായിരുന്നു ലഭിച്ചത്,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.
മഹാ വികാസ് അഘാടിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സീറ്റ് വിഭജനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി.ജെ.പി പരാജയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഇ.ഡിയെയും പണത്തെയും ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ വിഭജിക്കാനുള്ള ബി.ജെ.പി ശ്രമത്തെ ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ബി.ജെ.പിക്ക് പ്രതികൂലമാകുമെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ അജിത് പവാര്‍ എന്‍.സി.പിയെ പിളര്‍ത്തി ഷിന്‍ഡെ സര്‍ക്കാരിനൊപ്പം ചേര്‍ന്നിരുന്നു. ഷിന്‍ഡെ സര്‍ക്കാരില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ കോണ്‍ഗ്രസ് യോഗം വിളിച്ചിരിക്കുന്നത്.
Content Highlight: Congress will hold pathayathra in maharashtra