കാശിപൂര്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യര്‍ത്ഥിക്കുമെന്നും ഹരീഷ് റാവത്ത് പറഞ്ഞു.
‘ഉത്തരാഖണ്ഡില്‍ ജയം കോണ്‍ഗ്രസിനായിരിക്കും. ജനങ്ങള്‍ വികസനത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്. വോട്ടിംഗ് കോണ്‍ഗ്രസിന് അനുകൂലമാണ്. അത് അറിയാവുന്നതുകൊണ്ട് തന്നെ ബി.ജെ.പിക്ക് ആശങ്കയാണ്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന കാര്യം വ്യക്തമാണ്,’ റാവത്ത് പറഞ്ഞു.
‘മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്ന് സോണിയ ഗാന്ധിയോട് അവശ്യപ്പെടും. ജനങ്ങള്‍ ആഗ്രഹിക്കുന്ന ആളായിരിക്കും നമ്മുടെ മുഖ്യമന്ത്രി,’ റാവത്ത് കൂട്ടിച്ചേര്‍ത്തു.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് റാവത്ത് നേരത്തെ അവകാശപ്പെട്ടിരുന്നു. ഒന്നുകില്‍ താന്‍ മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കില്‍ വീട്ടിലിരിക്കുമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
റാവത്തിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രീതം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ അധികാരമാണെന്നും അതായിരിക്കും എല്ലാവരും അംഗീകരിക്കുകയെന്നും പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 17നാണ് ഉത്തര്‍പ്രദേശില്‍ വോട്ടിംഗ് നടന്നത്. 65.37 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മാര്‍ച്ച് 10നാണ് നടക്കുന്നത്.
Content Highlight: congress-will-form-govt-in-uttarakhand-will-request-sonia-gandhi-to-decide-cm-face-harish-rawat