മോദി തരുമെന്ന് പറഞ്ഞ 15 ലക്ഷവും തൊഴിലും എവിടെ? ഒന്നും ലഭിക്കാന്‍ പോകുന്നില്ല: മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് തരൂര്‍
national news
മോദി തരുമെന്ന് പറഞ്ഞ 15 ലക്ഷവും തൊഴിലും എവിടെ? ഒന്നും ലഭിക്കാന്‍ പോകുന്നില്ല: മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th November 2023, 4:52 pm

ന്യൂദല്‍ഹി: മിസോറാമില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചു വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. 2014 ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ വടക്ക്കിഴക്കന്‍ സംസ്ഥാനമായിരിക്കും മിസോറാമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

2018 ല്‍ മിസോറാം അസംബ്ലി ഇലക്ഷനില്‍ മിസോ നാഷണല്‍ ഫ്രണ്ടിനോട് (MNF) പരാജയപ്പെട്ടാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായത്.

ഇന്ത്യയുടെ ബലഹീനതകളല്ല, വൈവിധ്യവും ശക്തിയുമാണ് കോണ്‍ഗ്രസ് ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു രാജ്യം, ഒരു ഭാഷ, ഒരു കോഡ് ഒരു സംസ്‌കാരം എന്നതിനെ കോണ്‍ഗ്രസ് എതിര്‍ക്കും. ഞങ്ങള്‍ ഏകീകരണത്തിനെതിരാണ്. വൈവിധ്യങ്ങള്‍ നിലനിര്‍ത്തി കൊണ്ട് ഐക്യപ്പെടാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,’ തരൂര്‍ പറഞ്ഞു.

‘2014 മുതല്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. അത് 15 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളില്‍ ഇടുന്നതായാലും 2 കോടി തൊഴിലവസരങ്ങള്‍ നല്‍കുന്നതായായാലും’ ബി.ജെ.പിയെ കുറിച്ച് ശശി തരൂര്‍ പറഞ്ഞു.

മിസോറാമിലെ യുവാക്കളോട് സംസാരിച്ച അദ്ദേഹം, സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി തൊഴിലില്ലായ്മയാണെന്ന് പറഞ്ഞു. ജോലി അന്വേഷിക്കുന്ന മിസോറാം യുവാക്കളില്‍ 23 ശതമാനത്തിലധികം പേരും തൊഴില്‍ രഹിതരാണ്. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എം.എന്‍.എഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 2200 തൊഴില്‍ അവസരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. സംസ്ഥാന പൊലീസില്‍ മാത്രം 4100 ഒഴിവുകളുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

40 അംഗ മിസോറാം നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നവംബര്‍ ഏഴിന് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ മൂന്നിനാണ്.

Content Highlight : Congress will form govt in Mizoram: Shashi Tharoor