ന്യൂദല്‍ഹി: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് വിധിച്ച സൂറത്ത് കോടതി വിധിക്കെതിരെ ഏപ്രില്‍ അഞ്ചിന് അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. രാഹുലിനെതിരായ മുഴുവന്‍ അപകീര്‍ത്തി കേസും മനു അഭിഷേക് സിങ്‌വിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നിയമ വിഭാഗം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്.
ഇതുവരെ നടത്തിയ കേസ് നടപടികളില്‍ വീഴ്ച്ച വന്നെന്നാണ് നിയമ വിഭാഗത്തിന്റെ കണ്ടെത്തല്‍. പല സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഒമ്പതോളം മാനഷ്ടക്കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരെ നിലവിലുള്ളത്. ഈ കേസുകളെല്ലാം ഒരൊറ്റ കോടതിയിലേക്ക് മാറ്റാമെന്നിരിക്കെ, അതിന് വേണ്ട നിയമ നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വീഴ്ച്ച വരുത്തിയെന്നാണ് നിയമ വിഭാഗം കണ്ടെത്തിയത്.
ഒരു വ്യക്തിക്കെതിരെ ഒരേ കേസില്‍ പല സ്ഥലങ്ങളില്‍ കേസെടുക്കാന്‍ പാടില്ലെന്ന ക്രിമിനല്‍ ചട്ടം ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന ആരോപണമാണ് ഉയരുന്നത്. അതിനിടെ മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പട്‌ന സ്‌പെഷ്യല്‍ കോടതിയും നോട്ടീസ് അയച്ചിട്ടുണ്ട്. ഇതോടെയാണ് കേസില്‍ ഏപ്രില്‍ അഞ്ചിന് മുമ്പ് അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ 2019ല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ മോദി പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് കോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് തൊട്ടു പിന്നാലെ രാഹുലിന്റെ എം.പി സ്ഥാനം റദ്ദാക്കി പാര്‍ലമെന്റ് കമ്മിറ്റി ഉത്തരവിറക്കിയിരുന്നു.
തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിയാനുള്ള നിര്‍ദേശവും രാഹുലിന് സര്‍ക്കാര്‍ നല്‍കി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് രാജ്യത്തുയരുന്നത്.
Content Highlight: congress will file appeal in rahul case