കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകും: അരുണ്‍ ജയ്റ്റ്‌ലി
Daily News
കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകും: അരുണ്‍ ജയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2014, 5:04 pm

arun-jaitly01ന്യൂദല്‍ഹി: വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസിന് നാണക്കേടാകുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ്  നിക്ഷേപമുള്ളവരെ എന്‍.ഡി.എ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നത്. ഇന്ത്യ സ്വതന്ത്രവും സുതാര്യവുമായി അന്വേഷണം നടത്തുമെന്നും തെളിവുകള്‍ ലഭിച്ചാല്‍ നിക്ഷേപമുള്ളവരുടെ പേര് വെളിപ്പെടുത്തുമെന്നുമാണ് ജെയ്റ്റ്‌ലി നേരത്തെ പറഞ്ഞിരുന്നത്.

സ്വിറ്റ്‌സര്‍ലാന്റിലേക്ക് പോയ ഉന്നതതല സംഘം തിരിച്ചുവന്നശേഷമായിരുന്നു ജെയ്റ്റ്‌ലിയുടെ അഭിപ്രായ പ്രകടനം. 700 ഇന്ത്യക്കാര്‍ക്ക് ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് സ്വിസ് സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വിവരം.

കള്ളപ്പണ നിക്ഷേപം സംബന്ധിച്ച് വിദേശരാജ്യങ്ങളില്‍ നിന്നും ലഭിച്ച ചില ഇന്ത്യക്കാരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ദീപാവലി അവധിയ്ക്കുശേഷം സുപ്രീം കോടതിയില്‍ ഇക്കാര്യം അറിയിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇരട്ടനികുതി പ്രശ്‌നം ചൂണ്ടിക്കാട്ടി പേരുകള്‍ വെളിപ്പെടുത്തുവാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ചില പേരുകള്‍ പുറത്തുവിടാം എന്ന് കേന്ദ്രം തീരുമാനിച്ചത്. എന്നാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന്റെ മാനദണ്ഡം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കക എന്നാണ് സൂചന.