|

ടി.ആര്‍.പി ഊഹാപോഹങ്ങളില്‍ താത്പര്യമില്ല; എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. എക്സിറ്റ് പോളുകളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പാര്‍ട്ടി പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. എക്സിറ്റ് പോളുകള്‍ പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് കോണ്‍ഗ്രസിന്റെ നീക്കം.

ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞു. അവരുടെ വിധി സുരക്ഷിതവുമാണ്. ജൂണ്‍ നാലിന് ഫലം പുറത്തുവരും. അതിനുമുന്നോടിയായി ടി.ആര്‍.പിക്ക് വേണ്ടി വാര്‍ത്താ ചാനലുകലുടെ ഊഹാപോഹങ്ങളിലും സ്ലഗ്‌ഫെസ്റ്റിലും പങ്കെടുക്കാന്‍ പാര്‍ട്ടി താത്പര്യപ്പെടുന്നില്ലെന്നാണ് പവന്‍ ഖേര പറഞ്ഞത്.

ജനങ്ങളെ വിവരങ്ങള്‍ അറിയിക്കുക എന്നതായിരിക്കണം ഏതൊരു സംവാദത്തിന്റെയും ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂണ്‍ നാല് മുതല്‍ തങ്ങള്‍ സന്തോഷത്തോടെ സംവാദങ്ങളില്‍ പങ്കെടുക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

അതേസമയം തെരഞ്ഞെടുപ്പില്‍ തോൽവി വഴങ്ങിയതിന്റെ വ്യക്തമായ സ്ഥിരീകരണമാണ് എക്‌സിറ്റ് പോള്‍ ബഹിഷ്‌കരിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. കോണ്‍ഗ്രസ് തീരുമാനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതികരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയോടുള്ള കോണ്‍ഗ്രസിന്റെ വിരോധമാണ് കൂടുതല്‍ അലോസരപ്പെടുത്തുന്നതെന്നാണ് ജെ.പി. നദ്ദ പറഞ്ഞത്. കളിപ്പാട്ടത്തിനായി കരയുന്ന കുട്ടിയെപ്പോലെ പെരുമാറുന്നത് കോണ്‍ഗ്രസിന് യോജിക്കുന്നില്ലെന്നും നദ്ദ പറഞ്ഞു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനോട് അവസാനിക്കും. വൈകുന്നേരം ആറ് മണിയോടെ എക്‌സിറ് പോളുകള്‍ പുറത്തുവന്നു തുടങ്ങും.വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂണ്‍ നാലിന് നടക്കും.

ശനിയാഴ്ച ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചല്‍ പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നുതന്നെയാണ് വോട്ടെടുപ്പ്.

Content Highlight: Congress will boycott the exit poll talks