ലോക്ഡൗണിനെത്തുടര്‍ന്ന് നാടുകളിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികള്‍ റോഡപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങളെത്തുടര്‍ന്ന് ആയിരം ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി കോണ്‍ഗ്രസ്. ഇതിന് അനുമതി തേടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും യു.പിയുടെ ചുമതലയുള്ള നേതാവുമായ പ്രിയങ്കാ ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കി.
ഈ ബസുകളുടെ മുഴുവന്‍ ചെലവും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും പ്രിയങ്ക അറിയിച്ചു. പാതിവഴിയിലായിരിക്കുന്ന അതിഥി തൊഴിലാളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം.
‘ലക്ഷക്കണക്കിന് തൊഴിലാളികളാണ് നാടുകളില്‍ എത്താന്‍ ആഗ്രഹിച്ച് യാത്ര ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവര്‍ക്കെത്താനായി യാതൊരു സൗകര്യങ്ങളും സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല. ഖാസിപൂരില്‍നിന്നും നോയിഡയുടെ അതിര്‍ത്തികളില്‍നിന്നും 500 ബസുകള്‍ വീതം ഏര്‍പ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’, പ്രിയങ്ക മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറഞ്ഞു.
ഇത്തരം സമയങ്ങളില്‍ രാഷ്ട്രനിര്‍മ്മിതിക്കാര്‍ പ്രതിരോധിക്കാന്‍ കഴിവില്ലാതെ നില്‍ക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. പ്രിയങ്കയുടെ കത്ത് യു.പി കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലല്ലു മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.
വിവിധ റോഡപകടങ്ങളിലായി യു.പിയില്‍ ഇതുവരെ 65 അതിഥി തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇതെന്നും പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന്റെ ബസുകള്‍ വിട്ടുനല്‍കണമെന്നാണ് പ്രിയങ്ക ആവശ്യപ്പെടുന്നത്.
അയോധ്യയില്‍ വെള്ളിയാഴ്ച രാവിലെ ട്രക്കുകള്‍ കൂട്ടിയിടിച്ച് 24 അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തോടെയാണ് മുഖ്യമന്ത്രിയുമായി പ്രിയങ്ക ബന്ധപ്പെട്ടിരിക്കുന്നത്. തൊഴിലാളികഗള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
രാജസ്ഥാനില്‍ നിന്ന് ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബം?ഗാള്‍ എന്നിവിടങ്ങളിലേക്ക് യാത്രതിരിച്ച അതിഥി തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഭക്ഷണം കൊണ്ടുപോകുന്ന ട്രക്കിലായിരുന്നു ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക